കൊല്ലം ജില്ലാ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി എത്തിച്ച ബംഗാളി യുവാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് പോലീസിനെ വെട്ടിച്ചു കടന്നു.തിരുവനന്തപുരം: കൊല്ലം ജില്ലാ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി എത്തിച്ച ബംഗാളി യുവാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് പോലീസിനെ വെട്ടിച്ചു കടന്നു. നസിമുള്‍ ഹക്ക് എന്ന ബംഗാളി യുവാവാണ് ഇന്ന് പുലര്‍ച്ചെ പോലീസിന്റെ കണ്ണ് വെട്ടിച്ച്‌ രക്ഷപ്പെട്ടത്. ഇയാള്‍ക്കായി നഗരമാകെ അരിച്ചുപെറുക്കുന്നതിനിടെ പിടിയിലായ ഊമയായ ബംഗാളിയും പോലീസിനെ വട്ടം കറക്കി. ഇന്നലെയാണ് കൊല്ലം ജില്ലാ ജയിലില്‍ നിന്ന് റിമാന്റ് തടവുകാരനായിരുന്ന നസിമുള്‍ ഹക്കിനെ മനോരോഗ ചികിത്സയ്ക്കായി പേരൂര്‍ക്കട മനോരോഗ ആശുപത്രിയില്‍ എത്തിച്ചത്. പേരൂര്‍ക്കടയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ വയറുവേദന അനുഭവപ്പെട്ട ബംഗാളിയെ ജയില്‍ അധികൃതര്‍ ഇന്നലെ വൈകുന്നേരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് കാവലില്‍ രണ്ടാം വാര്‍ഡില്‍ പ്രവേശിപ്പിച്ച ഇയാള്‍ ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് കാവലുണ്ടായിരുന്ന പോലീസുകാരുടെ കണ്ണ് വെട്ടിച്ച്‌ കടന്നത്. കഞ്ചാവ് കേസിലാണ് ഇയാളെ കൊല്ലത്ത് പിടികൂടി റിമാന്റ് ചെയ്തത്. നസിമുള്‍ ഹക്ക് രക്ഷപ്പെട്ടെന്ന് മനസിലാക്കിയ പോലീസുകാരന്‍ വിവരം പെട്ടെന്ന് ആശുപത്രിയിലെ എയ്ഡ് പോസ്റ്റിലും മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലും അറിയിച്ചു. വിവരം അറിഞ്ഞയുടന്‍ ഇയാള്‍ക്കായി ആശുപത്രി പരിസരത്തും നഗരത്തിലും പോലീസിന്റെ തിരച്ചില്‍ തുടരുമ്പോഴാണ് ഉള്ളൂര്‍ ജംഗ്ഷനില്‍ നിന്ന് കൈത്തണ്ടയില്‍ ഇഞ്ചക്ഷന്‍ സൂചി ഘടിപ്പിച്ച നിലയില്‍ ഒരു ബംഗാളിയുവാവിനെ പോലീസ് കണ്ടത്. പോലീസിന്റെ ചോദ്യങ്ങളോട് മൗനം തുടര്‍ന്ന ഇയാളെ നസിമുള്‍ ഹക്കാണെന്ന് കരുതി കസ്റ്റഡിയിലെടുത്തു. മെഡിക്കല്‍ കോളേജിലെത്തിച്ച ഇയാള്‍ പോലീസിന്റെ ചോദ്യങ്ങളോട് ആംഗ്യഭാഷയിലൂടെയും ചുവരില്‍ ചിത്രങ്ങള്‍ വരച്ചും പ്രതികരിച്ചതോടെയാണ് ഊമയാണെന്ന് മനസിലായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മുങ്ങിയ ആളാണെന്ന് തിരിച്ചറിഞ്ഞ പോലീസ് അയാളെ അവിടെയെത്തിച്ച്‌ തടിയൂരി. നസിമുള്‍ ഹക്കിന്റെ കൈയ്യിലും ഇഞ്ചക്ഷനെടുക്കാനുള്ള നീഡില്‍ ഘടിപ്പിച്ചിരുന്നതും ചോദ്യങ്ങളോട് പ്രതികരിക്കാതിരുന്നതുമാണ് പോലീസ് ഇയാളെ സംശയിക്കാന്‍ ഇടയാക്കിയത്. കൊല്ലം പോലീസുമായി ബന്ധപ്പെട്ട് നസിമുള്‍ ഹക്കിന്റെ ഫോട്ടോ ശേഖരിച്ചശേഷം നവമാദ്ധ്യമങ്ങളുടെ സഹായത്തോടെ ഇയാള്‍ക്കായി അന്വേഷണം വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Post A Comment: