നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യ മാധവന്‍റെ ജാമ്യാപേക്ഷ ഇന്ന് ഉച്ചക്ക് ശേഷം പരിഗണിക്കും.കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യ മാധവന്‍റെ ജാമ്യാപേക്ഷ ഇന്ന് ഉച്ചക്ക് ശേഷം പരിഗണിക്കും. കേസിന്‍റെ വാദത്തിലേക്ക് കടക്കാതെ തന്നെ കേസ് ഉച്ചക്ക് ശേഷം പരിഗണിക്കുമെന്ന് കോടതി അറിയിക്കുകയായിരുന്നു. കാവ്യ മാധവനുമായി നേരത്തെ മുതല്‍ പരിചയമുണ്ടെന്ന പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് സൂചിപ്പിച്ചാണ് കാവ്യ മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. അന്വേഷണം പക്ഷപാതപരമാണെന്നും കേസില്‍ തന്നെയും പ്രതിയാക്കാന്‍ ശ്രമം നടക്കുകയാണെന്നും കാവ്യ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിക്കുന്നു.
എന്നാല്‍ സംവിധായകന്‍ നാദിര്‍ഷ, കേസിലെ പ്രതിയായ പള്‍സര്‍ സുനി എന്നിവരുടെ ജാമ്യാപേക്ഷകള്‍ അല്‍പസമയത്തിനകം പരിഗണിക്കുമെന്നാണ് അറിയുന്നത്. ദിലീപിനെതിരെ മൊഴി നല്‍കാന്‍ അന്വേഷണസംഘത്തിന്‍റെ സമ്മര്‍ദ്ദമുണ്ടെന്നും, മൊഴി നല്‍കാത്ത പക്ഷം തന്നെ പ്രതിയാക്കി അറസ്റ്റ് ചെയ്യാനാണ് പൊലീസിന്‍റെ നീക്കമെന്നുമാണ് നാദിര്‍ഷ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്. നേരത്തെ ഹര്‍ജി പരിഗണിച്ച കോടതി നാദിര്‍ഷയോട് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലില്‍ നാദിര്‍ഷ പറഞ്ഞ പല മറുപടികളിലും അന്വേഷണസംഘത്തിന് തൃപ്തികരമല്ലെന്നാണ് സൂചന. നാദിര്‍ഷയെ അറസ്റ്റ് ചെയ്യേണ്ടതുണ്ടോയെന്നത് സംബന്ധിച്ച്‌ പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കുന്നുണ്ട്. ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലം വ്യക്തമാക്കുന്ന മുഴുവന്‍ രേഖകളും പൊലീസ് കോടതിയില്‍ ഹാജരാക്കും. അന്വേഷണം പുരോഗമിക്കുന്ന ഘട്ടമായതിനാല്‍ ജാമ്യം നല്‍കരുതെന്ന് അന്വേഷണ സംഘം കോടതിയെ അറിയിക്കും.

Post A Comment: