ചേലക്കര പുലാക്കോട് കോട്ടപ്പുറത്ത് ചാക്കില്‍ കെട്ടിയ നിലയില്‍ വൃദ്ധയുടെ മൃതദേഹം കണ്ടെത്തി.

ചേലക്കര: പുലാക്കോട് കോട്ടപ്പുറത്ത് ചാക്കില്‍ കെട്ടിയ നിലയില്‍ വൃദ്ധയുടെ മൃതദേഹം കണ്ടെത്തി. പുലാക്കോട് ഒടവത്തൊടി വീട്ടില്‍ പരേതനായ ചന്ദ്രന്‍ എഴുത്തച്ഛന്‍ ഭാര്യ 70 വയസുള്ള കല്യാണിയാണ് കൊല്ലപ്പെട്ടത്. ക്ഷേത്രത്തിനു സമീപത്തുള്ള പറമ്പിലായിരുന്നു മൃതദേഹം. ഉടല്‍ഭാഗം മുഴുവനും ചാക്കിലും കാലുകള്‍ പ്ലാസ്റ്റിക് കവറുകൊണ്ട് മൂടികെട്ടിയ നിലയിലുമായിരുന്നു. മൃതദേഹത്തില്‍ തലയുടെ ഭാഗത്തു മുറിവുകളുണ്ട്‌.. ഇവര്‍ ധരിച്ചിരുന്ന മാലയും വളയും കാണാതായി. മൃതദേഹത്തിനു രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നു പോലീസ് പറയുന്നു. ഒറ്റയ്ക്ക് താമസിച്ചിരുന്ന ഇവര്‍ 18 -0 തിയതി കാലത്തു പത്തരയോടെ കുറച്ചകലെ താമസിക്കുന്ന മകന്‍ ശരവണനെ കാണുവാന്‍ പോയിരുന്നു. ഉച്ചഭക്ഷണത്തിനുള്ള കറിയും വാങ്ങിയാണ് അമ്മ പോയതെന്ന് ഇയാള്‍ പറഞ്ഞു. കല്യാണിയുടെ വീട് പരിശോധിച്ചപ്പോള്‍ മകന്റെ പക്കല്‍ നിന്നു വാങ്ങി കൊണ്ടുവന്ന കറിയും പാചകം ചെയ്ത ചോറും അതേപടി ഇരിക്കുന്നതായി പോലീസ് കണ്ടെത്തി. അതിനാല്‍ പതിനെട്ടാം തിയതി ഉച്ചക്കു മുന്‍പ് കൊലനടന്നതായി പോലീസ് സംശയിക്കുന്നു. ഇവരുടെ മറ്റൊരു മകന്‍ ശിവദാസന്‍ കൊച്ചിയിലാണ് താമസം. എസ്.പി-യതീഷ്ചന്ദ്ര, ഡിവൈ.എസ്.പി.- പി.വിശ്വംഭരന്‍, വടക്കാഞ്ചേരി സി.ഐ-. സ്റ്റീഫന്‍, ചേലക്കര എസ്.ഐ. -സിബീഷ് എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തിയതിനു ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.


Post A Comment: