വേങ്ങര തെരഞ്ഞെടുപ്പില്‍ ആര്‍ക്ക് പിന്തുണ നല്‍ക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയാതെ കേരള കോണ്‍ഗ്രസ്സ്

കോട്ടയം: വേങ്ങര തെരഞ്ഞെടുപ്പില്‍ ആര്‍ക്ക് പിന്തുണ നല്‍ക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയാതെ കേരള കോണ്‍ഗ്രസ്സ്. പാര്‍ട്ടിക്കുള്ളിലെ അഭിപ്രായഭിന്നതയാണ് നേതൃത്വത്തെ കുഴയ്ക്കുന്നത്. മുന്‍പ് അധികം ആലോചിക്കാതെ മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ച കെ എം മാണിയ്ക്ക് പക്ഷേ വേങ്ങരയുടെ കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്താന്‍ കഴിയുന്നില്ല. വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാകുമ്പോള്‍ നിലപാട് പ്രഖ്യാപിക്കുമെന്നായിരുന്നു കെ.എം മാണിയുടെ മുന്‍നിലപാട്. എന്നാല്‍ ഇരുമുന്നണികളും എന്‍ഡിഎയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച്‌ പ്രചരണം തുടങ്ങിയിട്ടും കേരള കോണ്‍ഗ്രസ് ആര്‍ക്ക് പിന്തുണ നല്‍കുമെന്ന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ മാണിക്ക് കഴിഞ്ഞിട്ടില്ല. ആരെ പിന്തുണക്കണമെന്ന കാര്യത്തില്‍ പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതയാണ് തീരുമാനമെടുക്കാന്‍ വൈകുന്നതിന് കാരണം. ഇത് തുറന്നു പറയാന്‍ തയ്യാറാകുന്നില്ലെങ്കിലും ഇക്കാര്യത്തില്‍ വ്യക്തിപരമായി തീരുമാനം ഏടുക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് കെ എം മാണി. നിലവില്‍ സ്വതന്ത്ര നിലപാട് സ്വീകരിച്ചിരിക്കുന്ന കേരളകോണ്‍ഗ്രസ് ലോക്സഭാ തെരെഞ്ഞടുപ്പിന് മുമ്പ് ഏതെങ്കിലുമൊരു മുന്നണിയുടെ ഭാഗമാകണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ സജീവമാണ്. തിരികെ യുഡിഎഫിലേക്ക് പോയാല്‍ കനത്ത തിരിച്ചടികളുണ്ടാകുമെന്നും സുരക്ഷിത താവളം എല്‍.ഡിഎഫ് ആണെന്നുമാണ് ഒരു വിഭാഗത്തിന്റെ വാദം. എന്നാല്‍ അഭിപ്രായഭിന്നതകള്‍ പറഞ്ഞ് പരിഹരിച്ച്‌ യുഡിഎഫില്‍ തിരികെ എത്തണമെന്ന ആവശ്യക്കാരും പാര്‍ട്ടിയില്‍ ശക്തരാണ്. വിവാദങ്ങളൊഴിവാക്കാന്‍ വേങ്ങരയില്‍ നിഷ്പക്ഷ നിലപാട് സ്വീകരിച്ച്‌ മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്യുകയാകും കെ എം മാണിയുടെ പദ്ധതി.

Post A Comment: