ആദിവാസി യുവതിയുടെ പക്കല്‍ നിന്നും കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസര്‍ വിജിലന്‍സിന്‍റെ പിടിയിലായി.മണ്ണാര്‍ക്കാട് : ആദിവാസി യുവതിയുടെ പക്കല്‍ നിന്നും കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസര്‍ വിജിലന്‍സിന്‍റെ പിടിയിലായി. അഗളി അസിസ്റ്റന്‍റ് വില്ലേജ് ഓഫീസര്‍ സി എച്ച്‌ നിസാം ആണ് 3000 രൂപ കൈക്കൂലി വാങ്ങുമ്പോള്‍ അറസ്റ്റിലായത്. കനത്ത മഴയിലും കാറ്റിലും, വീട് ഇടിഞ്ഞുവീണതിനെ തുടര്‍ന്നാണ് ഭൂതവഴി ഊരുവാസിയായ യുവതി, നഷ്‍ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷയുമായി വില്ലേജ് ഓഫീസിലെത്തിയത്. അടുത്ത ദിവസം അസിസ്റ്റന്‍റ് വില്ലേജ് ഓഫീസറായ സി എച്ച്‌ നിസാം ഇവരെ ഫോണില്‍ വിളിച്ച്‌, വീട് വീണത് പരിശോധിക്കാനെത്തും എന്നറിയിച്ചു. പരിശോധനയ്ക്ക് എത്തിയ അസിസ്റ്റന്റ് വില്ലേജ് ഓഫീസര്‍ വളരെ മോശമായി സംസാരിച്ചതായും അഞ്ഞൂറ് രൂപ വാങ്ങിയതായും ഇവര്‍ പറയുന്നു. മൂവായിരം രൂപയെങ്കിലും വേണമെന്നും ഇല്ലെങ്കില്‍ ശാരീരികമായി ചൂഷണം ചെയ്യുമെന്നുമുള്ള ഉദ്യോഗസ്ഥന്‍റെ ഭീഷണി സഹിക്കാനാവാതെയാണ് യുവതി വിജിലന്‍സ് ഓഫീസില്‍ പരാതിപ്പെട്ടത്.
ഇതിനെ തുടര്‍ന്ന് വിജിലന്‍സ് നല്‍കിയ പണം യുവതി അസിസ്റ്റന്റ് വില്ലേജ് ഓഫീസര്‍ക്ക് കൈമാറുകയും പിന്നാലെ വിജിലന്‍സ് ഇയാളെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഉണ്ടായ മഴക്കെടുതിയില്‍ അട്ടപ്പാടിയിലാകമാനം നിരവധി നഷ്ടങ്ങളാണുണ്ടായിരിക്കുന്നത് ഇത്തരം ഒരു സാഹചര്യത്തില്‍ വില്ലേജ് ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ ആദിവാസികളെ ചൂഷണം ചെയ്യുന്നത് ഭീതിജനകമാണ്.

Post A Comment: