കബറടക്കാന്‍ കൊണ്ടുവന്ന നവജാതശിശുവിന് കുളിപ്പിക്കുന്നതിനിടെ ജീവന്‍റെ ലക്ഷണം കണ്ടതായി ബന്ധുക്കള്‍കോഴിക്കോട്: കബറടക്കാന്‍ കൊണ്ടുവന്ന നവജാതശിശുവിന് കുളിപ്പിക്കുന്നതിനിടെ ജീവന്‍റെ ലക്ഷണം കണ്ടതായി ബന്ധുക്കള്‍. തുടര്‍ന്ന് അടക്കം ചെയ്യാതെ കുട്ടിയെ ആസ്​പത്രിയിലേക്ക് തിരികെ കൊണ്ടുപോയി. നഗരത്തിലെ ഒരു സ്വകാര്യാസ്​പത്രിയില്‍ നിന്ന് ഡോക്ടര്‍മാര്‍ മരിച്ചെന്ന് സാക്ഷ്യപ്പെടുത്തിയ 22 ആഴ്ച പ്രായമുള്ള, മാസം തികയാതെ പ്രസവിച്ച ആണ്‍കുട്ടിയിലാണ് ജീവന്റെ ലക്ഷണങ്ങള്‍ കണ്ടത്. കണ്ണംപറമ്പ് ശ്മാശനപ്പള്ളിക്കു സമീപത്തുള്ള മുറിയില്‍ കുളിപ്പിക്കാന്‍ കിടത്തിയ കുട്ടിയുടെ തലയില്‍ തൊട്ടപ്പോള്‍ ശരീരമാകെ അനങ്ങിയതായി ബന്ധുക്കള്‍ പറയുന്നു. കുളിപ്പിക്കാന്‍ കൊണ്ടുപോകുമ്പോള്‍ത്തന്നെ ബന്ധു സംശയം പ്രകടിപ്പിച്ചിരുന്നു. പ്രസവവേദനയെത്തുടര്‍ന്ന് പേരാബ്ര സ്വദേശിനിയെ ചൊവ്വാഴ്ചയാണ് കോഴിക്കോട്ടെ ആസ്​പത്രിയില്‍ കൊണ്ടുവന്നത്. പ്രസവിച്ചപ്പോള്‍ കുട്ടി മരിച്ചെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തി. കുട്ടിയെ ആസ്​പത്രിയിലെ ഐ.സി.യു.വില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 'സസ്പെന്റഡ് ആനിമേഷന്‍' എന്ന മരണതുല്യമായ അബോധാവസ്ഥയാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇങ്ങനെ സംഭവിക്കുമ്പോള്‍ ശ്വസനവും മിടിപ്പും ഉണ്ടാവില്ല. ഇതാണ് കുട്ടിക്കും സംഭവിച്ചതെന്നാണ് കരുതുന്നത്.


Post A Comment: