വിദ്യാലയങ്ങളില്‍ നിന്നും ആരാധനാലയങ്ങളില്‍ നിന്നും മദ്യശാലകലിലെക്കുള്ള ദൂരപരിധി 50 മീറ്ററാക്കി കുറച്ച സര്‍ക്കാര്‍ തീരുമാനം വന്‍ സാമ്പത്തിക നേട്ടം മാത്രം ലക്‌ഷ്യം വെച്ചുള്ളതെന്നു എഐസിസി വക്താവ് പി.സി.ചാക്കോ ആരോപിച്ചു
തൃശൂര്‍: വിദ്യാലയങ്ങളില്‍ നിന്നും  ആരാധനാലയങ്ങളില്‍ നിന്നും  മദ്യശാലകലിലെക്കുള്ള ദൂരപരിധി 50 മീറ്ററാക്കി കുറച്ച സര്‍ക്കാര്‍ തീരുമാനം വന്‍ സാമ്പത്തിക നേട്ടം മാത്രം ലക്‌ഷ്യം വെച്ചുള്ളതെന്നു എഐസിസി വക്താവ് പി.സി.ചാക്കോ ആരോപിച്ചു. യുഡിഎഫ് സര്‍ക്കാര്‍ അടച്ചുപൂട്ടിയ മദ്യശാലകള്‍ ഒന്നും തുറക്കില്ലെന്നു തെരഞ്ഞെടുപ്പു കാലഘട്ടത്തില്‍ പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്വന്തം വാക്കിനു വിലയുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ കളക്ടറേറ്റിനു മുമ്പില്‍ ഡിസിസിയുടെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.സി. ചാക്കോ. മദ്യശാലകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ കേരളത്തിലെ ടൂറിസം തകര്‍ന്നുവെന്ന വാദം തെറ്റാണ്. മദ്യഉപഭോഗത്തില്‍ കേരളത്തെ ലോകത്തിന്റെ മുമ്പിലെത്തിക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പഞ്ചാബ് കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവുമധികം മദ്യം ഉപയോഗിക്കുന്നത് കേരളത്തിലാണ്.  നാലു വോട്ടിനുവേണ്ടി മദ്യഉപഭോഗം കുറയ്ക്കുകയെന്ന തീരുമാനത്തെ ബലികഴിക്കില്ലന്ന ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനമാണ് ശരിയെന്നു കാലം തെളിയിച്ചു. യുഡിഎഫ് സര്‍ക്കാരിനെ ചോരയില്‍ മുക്കിക്കൊല്ലാനുള്ള മദ്യമുതലാളിമാരുടെ തന്ത്രങ്ങള്‍ക്കൊപ്പമായിരുന്നു എല്‍ ഡി എഫ് എന്ന യുഡിഎഫിന്റെ ആരോപണം ശരിവയ്ക്കുന്ന വിധത്തിലാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ മദ്യനയം രൂപപ്പെട്ടിരിക്കുന്നതെന്നും ചാക്കോ പറഞ്ഞു. ഡിസിസി പ്രസിഡന്റ് ടി.എന്‍. പ്രതാപന്‍ അധ്യക്ഷത വഹിച്ചു.  അനില്‍ അക്കര എംഎല്‍എ, മുന്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍, മുന്‍ ഡിസിസി പ്രസിഡന്റുമാരായ എം.പി. ഭാസ്‌കരന്‍ നായര്‍, ഒ.അബ്ദുറഹിമാന്‍കുട്ടി, പി.എ. മാധവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.Post A Comment: