നഗരത്തിലെ കുമിഞ്ഞു കൂടിയ മാലിന്യത്തെ ചൊല്ലി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളംതൃശൂര്‍: നഗരത്തിലെ കുമിഞ്ഞു കൂടിയ മാലിന്യത്തെ ചൊല്ലി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനെ പ്രതീകാത്മകമായി മാലിന്യ മാലയണിയിച്ചും മേയറുടെ മേശയക്ക് മുകളില്‍ മാലിന്യം നിക്ഷേപിച്ചും ബി.ജെ.പി അംഗങ്ങളുടെ പ്രതിഷേധം. യോഗത്തിന് മുന്‍പ് തന്നെ നഗരത്തിലെ മാലിന്യ പ്രശനം ചൂണ്ടിക്കാട്ടി ബി.ജെ.പി അംഗങ്ങള്‍ ഹെല്‍ത്ത് സൂപ്പര്‍ വൈസറെ തടഞ്ഞ് പ്രതിഷേധിച്ചിരുന്നു.  തുടര്‍ന്ന് കൗണ്‍സില്‍ ഹാളിലും ബി.ജെ.പി അംഗങ്ങള്‍ പ്രതിഷേധം തുടര്‍ന്നു, യോഗ നടപടികള്‍ ആരംഭിച്ചയുടന്‍ നഗരത്തിലെ മാലിന്യം നീക്കം ചെയ്യാത്തതില്‍ ഇവര്‍ പ്രതിഷേധം അറിയിച്ചു. ബി.ജെ.പി അംഗം വി .രാവുണി മേയറുടെ ഇരിപ്പടത്തിലേക്ക് പാഞ്ഞടുത്ത ശേഷം പ്ലാസ്റ്റിക് കവറില്‍ കൊണ്ടു വന്ന മാലിന്യം മേയറുടെ മുന്നില്‍ മേശ പുറത്ത് വെയ്ക്കാന്‍ ശ്രമിച്ചു. രണ്ടാം തവണ ഇത് ആവര്‍ത്തിച്ചതോടെ മേയര്‍ കവര്‍ തട്ടിമാറ്റുകയും കവറിലുണ്ടായിരുന്ന മാലിന്യം കൗണ്‍സില്‍ ഹാളില്‍ വീഴുകയും ചെയ്തു. ഇതിനിടെ ആരോഗ്യസ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ വീഴ്ചയാണ് മാലിന്യം കുന്നുകൂടാന്‍ കാരണമെന്ന് ആരോപിച്ച് പ്‌ളാസ്റ്റിക് ബോട്ടിലുകളും, പ്‌ളാസ്റ്റിക് കവറുകളും അടങ്ങിയ 'മാലിന്യമാല'പ്രതീകാത്മകമായി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ എം.എല്‍ റോസിയുടെ പേരെഴുതിയ ഇരിപ്പിടത്തിലെ ബോര്‍ഡില്‍ ബി.ജെ.പി പാര്‍ലമെണ്ടറി പാര്‍ട്ടി നേതാവ് എം.എസ്.സമ്പൂര്‍ണ്ണ അണിയിച്ചു.കോണ്‍ഗ്രസ് അംഗങ്ങളും മാലിന്യ പ്രശ്‌നവുമായി രംഗത്ത് എത്തിയതോടെ പ്രതിഷേധം ശക്തമായി. യോഗം പിരിച്ച് വിട്ട് ചേംബറില്‍ പ്രവശിച്ച മേയറുടെ മുന്നില്‍ കോണ്‍ഗ്രസ് - ബി.ജെ.പി അംഗങ്ങള്‍ പ്രതിഷേധം തുടര്‍ന്നു. ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി ഇരുകൂട്ടരുമായി ചര്‍ച്ച നടത്തി. അജണ്ടയില്‍ റോഡ് നിര്‍മ്മാണ പ്രവര്‍ത്തികളൊഴികെയുള്ളവ മാറ്റിവെയ്ക്കാനുള്ള ധാരണയില്‍ പ്രതിഷേധം അവസാനിപ്പിക്കുകായായിരുന്നു. 


Post A Comment: