മുന്നൂറോളം മരുന്നുകള്‍ ലിസ്റ്റിലുണ്ട്. മെഡിക്കല്‍ കോളേജുകളിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങളില്‍ സൌജന്യവിതരണത്തിനുള്ള മരുന്നുകളുടെ ലിസ്റ്റാണ് കെഎംഎസ്സിഎല്ലിന്റെ പുതിയ റാഷണലൈസ്ഡ് ഡ്രഗ് ലിസ്റ്റിലുള്ളത്


തിരുവനന്തപുരം: വിലക്കൂടുതലുള്ള മരുന്നുകള്‍ സൌജന്യമായി വിതരണംചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനപ്രകാരം മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മരുന്ന് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. മുന്നൂറോളം മരുന്നുകള്‍ ലിസ്റ്റിലുണ്ട്. മെഡിക്കല്‍ കോളേജുകളിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങളില്‍ സൌജന്യവിതരണത്തിനുള്ള മരുന്നുകളുടെ ലിസ്റ്റാണ് കെഎംഎസ്സിഎല്ലിന്റെ പുതിയ റാഷണലൈസ്ഡ് ഡ്രഗ് ലിസ്റ്റിലുള്ളത്. സൌജന്യവിതരണം വേണ്ടെന്ന് യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ച വിലകൂടിയ മരുന്നുകളാണിത്. ഒരുമാസത്തിനകം വിതരണത്തിനെത്തും. ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ വാങ്ങുക ആശുപത്രികളിലെത്തുന്ന സാധാരണക്കാരായ രോഗികള്‍ക്ക് അസാധ്യമാണ്. പലപ്പോഴും ചികിത്സ ഒഴിവാക്കുന്നു. ഇങ്ങനെ ഒഴിവാക്കിയതും പുറത്തുനിന്നുവാങ്ങിയാല്‍ നടുവൊടിക്കുന്നതുമായ മുന്നൂറോളം മരുന്നുകളാണ് ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ഇടപെടലിനെ തുടര്‍ന്ന് വാങ്ങാന്‍ തീരുമാനിച്ചത്. ഒരുമാസത്തിനകം ആശുപത്രി ഫാര്‍മസിവഴി മരുന്ന് വിതരണം ചെയ്യും. ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും നല്‍കുന്ന ഏതാണ്ട് 43,000 രൂപ വിലവരുന്ന ടെനക്ടിപ്ളേസ് ഇഞ്ചക്ഷന്‍, സെപ്റ്റിസീമിയ, നാഡീരോഗങ്ങള്‍ എന്നിവയ്ക്ക് നല്‍കുന്ന ഗാമാ ഗ്ളോബുലിന്‍, ക്യാന്‍സര്‍ രോഗികള്‍ക്കുള്ള റിടുക്സിമാബ്-500 ഇഞ്ചക്ഷന്‍ എന്നിവ വിതരണത്തിനെത്തുന്നതില്‍ ചിലതാണ്. ഇതില്‍ ഗാമാ ഗ്ളോബുലിന്‍ ഒരു രോഗിക്ക് അഞ്ചുദിവസം നല്‍കാന്‍ രണ്ടുലക്ഷത്തിലധികം രൂപ ചെലവാണ്. റിടുക്സിമാബ്-500ന്റെ വില 26,000 രൂപയോളം വരും.


Post A Comment: