വീട്ടില്‍ സൂക്ഷിച്ചിരുന്ന അറുപത് പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയിതൃശ്ശൂര്‍: ആളൂര്‍ റെയില്‍വേ മേല്‍പാലത്തിനടുത്ത് കാരാത്രക്കാരന്‍ ജോണ്‍സന്റെ വീട്ടിലാണ് കഴിഞ്ഞരാത്രിയില്‍ മോഷണം നടന്നത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന അറുപത് പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയി. ജോണ്‍സനും ഭാര്യയും മകളുമാണ് വീട്ടില്‍ താമസം. ജോണ്‍സന്‍ തൃശൂര്‍ ചിയ്യാരത്തെ പ്ലാസ്റ്റിക് കമ്പനിയില്‍ ജോലി കഴിഞ്ഞ് ശനിയാഴ്ച രാത്രി പത്തരയോടെ വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ഏഴാം ക്ലാസ്സില്‍ പഠിയ്ക്കുന്ന മകളെ സമീപത്തെ ബന്ധുവീട്ടിലാക്കി കുഴിക്കാട്ടുശ്ശേരി ആശുപത്രിയില്‍ നേഴ്‌സ് ആയ ഭാര്യ റെജീന നൈറ്റ് ഡ്യൂട്ടിയ്ക്കായി വീട് പൂട്ടി പോയിരിക്കുയായിരുന്നു. പത്തരയോടെ എത്തിയ ജോണ്‍സന്‍ ബന്ധുവീട്ടില്‍ നിന്ന് മകളെയും കൂട്ടി വീട്ടിലെത്തിയതായിരുന്നു. വാതില്‍ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ വാതിലിന്റെ പൂട്ട് പൊളിച്ച നിലയിലാണ് കണ്ടത്. എന്നാല്‍ വാതില്‍ അകത്ത് നിന്നും പൂട്ടിയിട്ടുമുണ്ടായിരുന്നു. മുറ്റത്ത് ലൈറ്റും കത്തികിടന്നിരുന്നു. ഉടന്‍ വീടിന്റെ പിന്‍വശത്ത് ചെന്ന് നോക്കിയപ്പോള്‍ പിന്‍വാതിലുകളും തുറന്ന് കിടക്കുന്നതാണ് കണ്ടത്. ഒച്ചവെച്ച് സമീപവാസികളെ അറിയിക്കാന്‍ അടുത്ത വീട്ടിലേക്ക് പോയി. ഇവരെ കൂട്ടി മടങ്ങിയെത്തിയപ്പോള്‍ മുന്‍വശത്തെ ലൈറ്റ് അണച്ചിരുന്നതായാണ് കണ്ടത്. ഈ സമയം മോഷ്ടാക്കള്‍ രക്ഷപ്പെട്ടിരിയ്ക്കാമെന്ന് കരുതുന്നതായി  ജോണ്‍സന്‍ പറഞ്ഞു. മകളുടെ പഠനമേശയുടെ വലിപ്പില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങളാണ് കവര്‍ന്നിട്ടുള്ളത്. വള,മാലകള്‍,കമ്മല്‍,മോതിരം,നെക്‌ലസ് എന്നിവയുള്‍പ്പടെ അറുപത് പവന്റെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടതെന്ന് റെജീന പറഞ്ഞു. ഇരിങ്ങാലക്കുട സി ഐ എം കെ സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസും ഫോറന്‍സിക്ക് വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും വീട്ടിലെത്തി പരിശോധന നടത്തി. ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫേമസ് വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ പ്രേത്യേക അന്വേഷണസംഘം രൂപികരിച്ചിട്ടുണ്ട്.Post A Comment: