ആയൂര്‍വ്വേദ ഡോക്ടര്‍ ചമഞ്ഞെത്തിയയാള്‍ വയോധികയുടെ മാല കവര്‍ന്നു

എരുമപ്പെട്ടി: ആയൂര്‍വ്വേദ ഡോക്ടര്‍ ചമഞ്ഞെത്തിയയാള്‍ വയോധികയുടെ മാല കവര്‍ന്നു  . നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കള്ളിക്കാട്ടില്‍ ശിവന്‍ നായര്‍ ഭാര്യ സരോജിനിയമ്മയുടെ മൂന്ന് പവന്‍റെ സ്വര്‍ണമാലയാണ് കവര്‍ന്നത്. പഞ്ചായത്തില്‍ നിന്ന് വരുന്ന ആയൂര്‍വ്വേദ ഡോക്‌റാണെന്ന് പരിചയപ്പെടുത്തി വീട്ടില്‍ എത്തി മോഷ്ടാവ്  എന്തെങ്കിലും അസുഖമുണ്ടോയെന്ന് അന്വേഷിച്ചു. കഴുത്ത് വേദനയുണ്ടെന്ന് അറിയിച്ച സരോജിനിയമ്മയുടെ കഴുത്തില്‍ കൈ കൊണ്ട് ഉഴിയുകയും ഇതിനിടയില്‍ തന്ത്രപരമായി മാല പൊട്ടിച്ചെടുക്കുകയുമായിരുന്നു. ഉഴിച്ചിലിന് ചൂടുവെള്ളം വേണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടതനുസരിച്ച് വെള്ളം ചൂടാക്കാന്‍ സരോജിനിയമ്മ അടുക്കളയിലേക്ക് പോയ തക്കത്തിന് വരാന്തയിലിരുന്ന കേശവന്‍ നായരോട് ബൈക്കിലെ ബാഗില്‍ നിന്ന് മരുന്നെടുത്ത് തരാമെന്ന് പറഞ്ഞ് മാലയുമായി കടന്ന് കളഞ്ഞു. ഇയാള്‍ സ്ഥലം വിട്ടതിന് ശേഷം കഴുത്തില്‍ തടവി നോക്കിയപ്പോഴാണ് മാല നഷ്ടപ്പെട്ടതായി മനസിലായത്. സംഭവ സമയത്ത് വൃദ്ധ ദമ്പതികള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post A Comment: