ജലനിരപ്പുയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പുതിയ ചോര്‍ച്ചകള്‍ ദൃശ്യമായി.

ഇടുക്കി: ജലനിരപ്പുയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പുതിയ ചോര്‍ച്ചകള്‍ ദൃശ്യമായി. പ്രധാന അണക്കെട്ടിലെ പത്ത്, പതിനൊന്ന് ബ്ലോക്കുകള്‍ക്കിടയിലാണ് ചോര്‍ച്ച ദൃശ്യമായത്. ശനിയാഴ്ച്ച ജലവിഭവ വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ ജോര്‍ജ്ജ് ദാനീയലിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പുതിയ ചോര്‍ച്ച്‌ കണ്ടെത്തിയത്. പുതുതായി ദൃശ്യമായ ചോര്‍ച്ചയുടെ വിശദാംശങ്ങളങ്ങിയ റിപ്പോര്‍ട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ശക്തമായ മഴയാണ് മുല്ലപ്പെരിയാര്‍ പ്രദേശങ്ങളില്‍ ലഭിച്ചത്. നിലവില്‍ 127.4 അടി വെള്ളമാണ് അണക്കെട്ടിലുള്ളത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ ഇത്തവണ 12 അടിയോളം വെള്ളം അണക്കെട്ടില്‍ കൂടുതലുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ജലനിരപ്പ് കുറയുമ്പോള്‍ തമിഴ്നാട് അറ്റകുറ്റപ്പണികളുടെ പേരില്‍ അണക്കെട്ടിലെ ചോര്‍ച്ചകള്‍ ടാറും മറ്റും ഉപയോഗിച്ച്‌ അടച്ചിരുന്നു. പഴയ ചോര്‍ച്ചകള്‍ താല്‍ക്കാലികമായ അടച്ചതിന്റെ പിന്നാലെയാണ് പുതിയ ചോര്‍ച്ച കണ്ടെത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശക്തമായ വെയിലാണ് അണക്കെട്ട് മേഖലയില്‍ അനുഭവപ്പെടുന്നത്. വെയിലിന്റെ ശക്തിയില്‍ ടാര്‍ ഉരുകിയതിനാലാകാം പുതിയ ചോര്‍ച്ചയുണ്ടായതെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. അണക്കെട്ടിലെ ജലനിരപ്പ് ഉയരുമ്ബോഴും താഴുന്ന സാഹചര്യത്തിലും ഉന്നത അധികാര സമിതി സന്ദര്‍ശനം നടത്തിയിട്ടില്ല. ഉപസമിതി മാസത്തില്‍ നടത്താറുള്ള സന്ദര്‍ശനത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പുതിയ ചോര്‍ച്ച കണ്ടെത്തിയത്. ഡാമിന്റെ വൃഷ്ടിപ്രദേശത്തു മഴ കുറവായതിനാല്‍ നീരൊഴുക്കു കുറഞ്ഞിരിക്കുകയാണ്. 658 ഘനയടി ജലമാണ് തടാകത്തിലേക്ക് ഒഴുക് എത്തുന്നത്. 1400 ഘനയടി ജലം തമിഴ്നാട് കൊണ്ടുപോകുന്നു. ഇതേസമയം തമിഴ്നാട്ടിലേക്ക് വെള്ളം തുറന്നുവിടുന്നതിനായി ഇന്ന് രാവിലെ മുന്‍ മുഖ്യമന്ത്രി ഒ പന്നീര്‍ സെല്‍വം തേക്കടിയില്‍ എത്തും.

Post A Comment: