കുറ്റിപുറം സംസ്ഥാനപാതയിലെ മുതുവറ സെന്ററിലൂടെയുള്ള യാത്രാദുരിതത്തിന് അവസാനമാകുന്നുതൃശൂര്‍: കുറ്റിപുറം സംസ്ഥാനപാതയിലെ മുതുവറ സെന്ററിലൂടെയുള്ള യാത്രാദുരിതത്തിന് അവസാനമാകുന്നു. പാതയിലെ കോണ്ക്രീറ്റ് ടൈല്‍ പാകല്‍ പ്രവൃത്തികള്‍ തുടങ്ങി. കുണ്ടുംകുഴിയും നിറഞ്ഞ പാതയിലൂടെ കടന്നു പോകുന്ന വാഹനങ്ങള്‍ പലപ്പോഴും അപകടങ്ങളില്‍പ്പെടുന്നതും ഗതാഗതം മണിക്കൂറുകളോളം തടസപ്പെടുന്നതും നിത്യസംഭവമായി മാറിയിരുന്നു. ഇതിനെതിരെ നാട്ടുകാരും വിവിധ രാഷ്ട്രീയ സംഘടനകളും ഇതിനോടകം പ്രതിഷേധവുമായി രംഗത്തു വരികയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് സ്ഥലം എം.എല്‍.എ.കൂടിയായ അനില്‍ അക്കര ഇടപെട്ട് ഏറെ ശോചനീയാവസ്ഥയിലുള്ള മുതുവറ സെന്ററില്‍ ടൈല്‍ വിരിക്കുന്ന നടപടികള്‍ക്ക് മുന്‍കൈ എടുത്തത്. ഇതേ തുടര്‍ന്നാണ്‌ മുതുവറ പെട്രോള്‍ പമ്പിനു സമീപം മുതല്‍ മോസ്‌കോ റോഡുവരെയുള്ള 150 മീറ്റര്‍ ദൂരം ടൈല്‍ വിരിക്കല്‍ പ്രവൃത്തികള്‍ക്ക് പൊതുമരാമത്ത് അനുമതി നല്‍കിയത്. നിലവില്‍ പൊളിഞ്ഞ് കുഴികളായ റോഡ്‌ ജെ.സി.ബി ഉപയോഗിച്ച് നിരപ്പാക്കലാണ് ആദ്യം നടക്കുന്നത്. ഇതിനു ശേഷം തുടര്‍ന്നുള്ള ദിവസങ്ങളില്‍ ടൈല്‍ വിരിക്കല്‍ നടക്കും. ഒരാഴ്ചയ്ക്കുള്ളില്‍ ടൈല്‍ വിരിക്കല്‍ പൂര്‍ത്തീകരിക്കാനാണ് പി.ഡബ്ല്യൂ.ഡി ലക്ഷ്യം വെയ്ക്കുന്നത്. നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചതോടെ മുതുവറ സെന്ററില്‍ ഒരു വശത്തു കൂടി മാത്രമാണ് വാഹനങ്ങള്‍ കടത്തി വിടുന്നത്. ഗതാഗതകുരുക്ക് രൂക്ഷമായതോടെ ബസുകള്‍ ഉള്‍പ്പെടെയുള്ള ചെറുതും വലുതുമായ വാഹനങ്ങള്‍ മറ്റു ഇടവഴികള്‍ തേടുന്നതും പതിവായിട്ടുണ്ട്.

Post A Comment: