എ.ടി.എം. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകം. തട്ടിപ്പ് നടത്തുന്നവരില്‍ ഭൂരിഭാഗവും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍

തൃശൂര്‍: എ.ടി.എം. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകം. തട്ടിപ്പ് നടത്തുന്നവരില്‍ ഭൂരിഭാഗവും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍. എ.ടി.എം.  കാര്‍ഡ്‌ പുതുക്കാനെന്ന പേരില്‍ വരുന്ന ഫോണ്‍ വിളികളില്‍ നിന്നാണ് മിക്കവര്‍ക്കും പണം നഷ്ടമായിരിക്കുന്നത്. എ.ടി.എം. കാര്‍ഡിന്റെ കാലാവധി കഴിഞ്ഞുവെന്ന് സൂചിപ്പിച്ചാണ് തട്ടിപ്പു സംഘങ്ങള്‍ ചതി വലവിരിക്കുന്നത്. വിശ്വാസം ഉളവാക്കുന്ന രീതിയില്‍ സമീപനാളുകളിലെ ഓണ്‍ലൈന്‍ ഇടപാടുകളെ കുറിച്ചും പറയും. പിന്നീട് ഓണ്‍ലൈന്‍ വെരിഫിക്കേഷനെന്ന പേരില്‍ ഒ.ടി.പി നമ്പര്‍ ചോദിച്ചു വാങ്ങും. ചതി മനസിലാക്കുമ്പോഴേക്കും അക്കൗണ്ടിലെ പണം ചോര്‍ന്നിരിക്കും. ഓണ്‍ലൈന്‍ ഇടപാടുകള്‍ കൂടുതലായി നടത്തുന്നവരാണ് തട്ടിപ്പിനിരയാവുന്നവരില്‍ ഭൂരിഭാഗവും. ഇവരുടെ ഡാറ്റ തട്ടിപ്പുസംഘത്തിന് പെട്ടെന്ന് ലഭിക്കുന്നുണ്ട്.  ഒരു ബാങ്കും ഇടപാടുകാരെ വിളിച്ച് കാര്‍ഡ് വിവരങ്ങളും പാസ്‌വേഡും അന്വേഷിക്കില്ല. ഇതറിയാതെ വിവരങ്ങള്‍ നല്‍കുന്നവരാണ് തട്ടിപ്പിനിരയാകുന്നത്. ഈ തട്ടിപ്പുകാരെ കണ്ടെത്താനാവുന്നില്ല എന്നതാണ് സൈബര്‍ സെല്ലിന്റെ മുന്നിലെ വെല്ലുവിളി. സമീപനാളുകളില്‍ ലഭിച്ച പരാതികളില്‍ ഭൂരിഭാഗവും പ്രതികളെ കണ്ടെത്താനാവാതെ പോലീസ് വലയുകയാണ്. സംശയം തോന്നിയാല്‍ ഉടന്‍ ബാങ്കുമായി ബന്ധപ്പെടുകയും എ.ടി.എം. കാര്‍ഡ് ബ്ലോക്ക് ചെയ്യുകയുമാണ് വേണ്ടത്. അതേസമയം കിഴക്കും പാട്ടുകരയില്‍ വിദ്യാര്‍ത്ഥിയുടെ 35,000 രൂപ തട്ടിയെടുത്തു. കിഴക്കുംപാട്ടുകര സ്വദേശിയും ബിടെക് വിദ്യാര്‍ത്ഥിയുമായ കരിപ്പായി വീട്ടില്‍ അനൂജാണ് ഓണ്‍ലൈന്‍ എ.ടി.എം. തട്ടിപ്പിന്റെ പുതിയ ഇര. ഉത്തരേന്ത്യയില്‍ നിന്നു എ.ടി.എം. കാര്‍ഡ് പുതുക്കാറായെന്ന് പറഞ്ഞാണ് കോള്‍ വന്നത്. എ.ടി.എം. കാര്‍ഡ് നമ്പര്‍ മനസിലാക്കിയ ഇവര്‍ വൈകാതെ ഫോണില്‍ വന്ന വണ്‍ടൈം പാസ് വേഡും ചോദിച്ചറിഞ്ഞു. 15 മിനിറ്റിനുള്ളില്‍ 5 ഇടപാടുകളിലായി 35,000 രൂപയാണ് അനൂജിന് നഷ്ടപ്പെട്ടത്. മൊബൈല്‍ കമ്പനികളുടെ ഇ-വാലറ്റുകളാണ് ഇപ്പോള്‍ തട്ടിപ്പു സംഘം പണമിടപാട് നടത്താന്‍ ഉപയോഗിക്കുന്നത്. ഈ ഇടപാടുകളുടെ അക്കൗണ്ട് വിവരങ്ങള്‍ കണ്ടുപിടിക്കാന്‍ സാധ്യമല്ല. എയര്‍ടെല്‍ മണി, ഐഡിയ മണി എന്നീ ഇ-വാലറ്റുകളിലൂടെയാണ് അനൂജിന് പണം നഷ്ടമായത്. തട്ടിപ്പ് മനസിലാക്കിയ ഉടന്‍ ബാങ്കില്‍ പരാതിപ്പെട്ട് എ.ടി.എം. കാര്‍ഡ് ബ്ലോക്ക് ചെയ്തതിനാല്‍ കൂടുതല്‍ പണം നഷ്ടപ്പെട്ടില്ല. പണം നഷ്ടപ്പെട്ട സംഭവത്തില്‍ ഈസ്റ്റ് പോലീസിലും സൈബര്‍ സെല്ലിലും അനൂജ് പരാതി നല്‍കിയിട്ടുണ്ട്. നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കാനാവില്ലെന്നാണ് ബാങ്കില്‍ നിന്ന് ലഭിച്ച മറുപടിയെന്ന് അനൂജ് പറഞ്ഞു.


Post A Comment: