അദ്ദേഹത്തിന്റെ നിരപരാധിത്വം കാലം തെളിയിക്കുമെന്നും ശ്രീനിവാസന്‍ പറഞ്ഞു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് കുറ്റക്കാരനെന്ന് വിശ്വസിക്കുന്നില്ലെന്ന് നടന്‍ ശ്രീനിവാസന്‍. ദിലീപ് ഇങ്ങനൊരു മണ്ടത്തരം കാണിക്കുമെന്ന് കരുതുന്നില്ല. അദ്ദേഹത്തിന്റെ നിരപരാധിത്വം കാലം തെളിയിക്കുമെന്നും ശ്രീനിവാസന്‍ പറഞ്ഞു. അതേസമയം, ദിലീപിന് അനുകൂലമായി പ്രസ്താവന ഇറക്കിയ നടനും എംഎല്‍എയുമായ ഗണേഷ് കുമാറിനെതിരെ അന്വേഷണ സംഘം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഗണേഷ് കുമാറിന്റെ പ്രസ്താവന കേസിനെ വഴി തെറ്റിക്കാനുള്ള ആസൂത്രിതമായ നീക്കമാണെന്ന് അന്വേഷണ സംഘം ആരോപിച്ചു. കേസിലെ സാക്ഷികളെ സ്വാധീനിക്കാനുള്ള ഇത്തരം ശ്രമങ്ങളില്‍ കോടതി അടിയന്തരമായി ഇടപെടണമെന്നും പൊലീസ് ആവശ്യപ്പെട്ടു. കേസ് പരിഗണിക്കുന്ന അങ്കമാലി ജുഡീഷ്യല്‍ കോടതിയിലാണ് പൊലീസ് ഈ ആവശ്യം ഉന്നയിച്ചത്. കഴിഞ്ഞ ദിവസം ആലുവ സബ് ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ച ശേഷമാണ് എല്ലാ ചലച്ചിത്ര പ്രവര്‍ത്തകരും ദിലീപിന് പിന്തുണ അറിയിക്കണമെന്ന തരത്തില്‍ ഗണേഷ് കുമാര്‍ പ്രസ്താവന ഇറക്കിയത്. കോടതിവിധി വരുന്നതുവരെ മുന്‍പ് ദിലീപ് കുറ്റവാളിയല്ലാത്ത സാഹചര്യത്തില്‍ താന്‍ അദ്ദേഹത്തെ തള്ളിപ്പറയില്ല. ദിലീപിന്റെ നല്ലകാലത്ത് ഔദാര്യം പറ്റി നടന്നവരാണ് അദ്ദേഹത്തിന് ഒരാപത്തു വന്നപ്പോള്‍ തള്ളിപ്പറയുന്നത്.  സിനിമാ മേഖലയില്‍ ഉള്ളവര്‍ ദിലീപിന് പിന്തുണ പ്രഖ്യാപിക്കുകയാണ് വേണ്ടത്. അതിന്റെ പേരില്‍ പൊലീസ് കള്ളക്കേസ് എടുക്കുമെന്ന് പേടിച്ചോ, ഫോണ്‍ ചോര്‍ത്തുമെന്ന് പേടിച്ചോ, മാധ്യമങ്ങളില്‍ വൈകിട്ട് ചര്‍ച്ചയ്ക്ക് വരുന്ന ദിലീപിനോടു അസൂയയുള്ളവര്‍ അവഹേളിക്കുമെന്ന് ഭയന്നോ കാണാതിരിക്കരുത്. നടിയെ ആക്രമിച്ച കേസിലെ പൊലീസ് അന്വേഷണം ശരിയായ വഴിക്കല്ലെന്നു പറയുന്നില്ല. പക്ഷേ പൊലീസിനു തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി ഇടപെട്ട് തിരുത്തണം. എംഎല്‍എ എന്ന നിലയിലല്ല, ഒരു സുഹൃത്ത് എന്ന നിലയിലാണ് ദിലീപിനെ കാണാനെത്തിയതെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു. അതിനിടെ, ദിലീപിനെ സബ് ജയിലില്‍ സന്ദര്‍ശിക്കുന്നതിന് അധികൃതര്‍ നിയന്ത്രണം ഏര്‍പെടുത്തി. ദിലീപിനെ കാണാന്‍ ഇന്നലെ അപേക്ഷ നല്‍കിയ പത്തോളം പേര്‍ക്ക് അനുമതി ലഭിച്ചില്ല. എന്നാല്‍, കുടുംബാംഗങ്ങളാരും ഇക്കൂട്ടത്തിലില്ലെന്ന് അധികൃതര്‍ പറഞ്ഞു. ജയിലില്‍ ദിലീപിനു വഴിവിട്ട സൗകര്യങ്ങള്‍ ഒരുക്കുന്നുവെന്നും അനിയന്ത്രിതമായി സന്ദര്‍ശകരെ അനുവദിക്കുന്നുവെന്നും പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടാണു നിയന്ത്രണം ഏര്‍പെടുത്തിയത്.
ദിലീപിന്റെ കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ ജയില്‍ ചട്ടങ്ങള്‍ ലംഘിക്കുന്നുവെന്ന പരാതിയില്‍ വകുപ്പുതല അന്വേഷണവും ആരംഭിച്ചു. ദിലീപ് ഉള്‍പ്പെട്ട കേസില്‍ പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ചവര്‍ക്കു പോലും ജയിലില്‍ സന്ദര്‍ശനാനുമതി നല്‍കിയതില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വിയോജിപ്പ് അറിയിച്ചിരുന്നു.

Post A Comment: