അഴീക്കോട് കൊട്ടിക്കലില്‍ വീട് തകര്‍ന്നുവീണ് വീട്ടമ്മയ്ക്കും മക്കള്‍ക്കും പരിക്കേറ്റു.

 

 


28 September 2017
Thrissur Round കൊടുങ്ങല്ലൂര്‍: അഴീക്കോട് കൊട്ടിക്കലില്‍ വീട് തകര്‍ന്നുവീണ് വീട്ടമ്മയ്ക്കും മക്കള്‍ക്കും പരിക്കേറ്റു. കൊട്ടിക്കല്‍ ക്ഷേത്രത്തിന് പടിഞ്ഞാറ് വശം കുട്ടോഞ്ഞ് അജയന്റെ ഓടുമേഞ്ഞ വീടാണ് തകര്‍ന്നത്. രാവിലെ പത്തരയോടെയായിരുന്നു അപകടം. രാത്രിയും രാവിലെയുമായി പെയ്ത കനത്ത മഴയെ തുടര്‍ന്നാണ് വീടിന്റെ മേല്‍ക്കൂര നിലംപതിച്ചത്. വീടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന അജയന്റെ മക്കള്‍ അദിന്‍, അബിന്‍ എന്നിവര്‍ക്കും ഭാര്യ ജിഷിക്കുമാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് സാരമുള്ളതല്ല. വീടിന് പുറത്തായിരുന്ന ജിഷി ശബ്ദം കേട്ട് അകത്തേക്ക് ഓടിക്കയറുകയായിരുന്നു. കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ജിഷിയുടെ ദേഹത്തേക്ക് അടുക്കള ചുമര്‍ ഇടിഞ്ഞു വീണു. അമ്മയുടെ സമയോചിതമായ പ്രവൃത്തിയാണ് കുട്ടികള്‍ക്ക് രക്ഷയായത്. അജയന്റെ മൂത്ത കുട്ടിക്ക് ജന്മനാല്‍ വൈകല്യമുണ്ട്. എറിയാട് പഞ്ചായത്ത് പട്ടികജാതിക്കാര്‍ക്കു വേണ്ടി നിര്‍മ്മിച്ച ഫ്‌ളാറ്റിലെ വീട് ഇവര്‍ക്ക് അനുവദിച്ചിട്ടുണ്ട്. പുതിയ വീട്ടിലേക്ക് താമസം മാറാനാരിക്കെയാണ് അപകടമുണ്ടായത്.

Post A Comment: