യുപിഎ സര്‍ക്കാരുകളുടെ കാലത്ത് നിലനിന്നിരുന്ന നയവൈകല്യങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചത് ഇത്തരമൊരു നിലപാടുകൊണ്ടാണെന്നും ജെയ്റ്റ്‌ലി


ദില്ലി: യശ്വന്ത് സിന്‍ഹയ്ക്ക് മറുപടിയുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കടുത്ത തീരുമാനങ്ങളില്‍നിന്ന് ഒളിച്ചോടുന്നതല്ല നരേന്ദ്ര മോദി സര്‍ക്കാരിന്റെ ശൈലിയെന്ന് ജെയ്റ്റ്‌ലി വ്യക്തമാക്കി. യുപിഎ സര്‍ക്കാരുകളുടെ കാലത്ത് നിലനിന്നിരുന്ന നയവൈകല്യങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചത് ഇത്തരമൊരു നിലപാടുകൊണ്ടാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ഡല്‍ഹിയില്‍ ഒരു പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കുമ്പോഴാണ് ജെയ്റ്റ്‌ലിയുടെ പ്രതികരണം. നോട്ട് അസാധുവാക്കല്‍ നടപടിയും ചരക്ക്, സേവന നികുതി (ജിഎസ്ടി) സംവിധാനവും രാജ്യത്തിന് ഗുണം മാത്രമെ ചെയ്തിട്ടുള്ളൂ. ഇന്ത്യയില്‍ മൊത്തം ഒരേയൊരു നികുതിയെന്നത് എല്ലാവരുടെയും ആഗ്രഹമായിരുന്നു. കഴിഞ്ഞ രണ്ടുമാസത്തിനിടെ പ്രതീക്ഷിച്ചിരുന്ന തരത്തില്‍തന്നെ നികുതി സംഭരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അടുത്ത ഏതാനും മാസത്തോടെ വരുമാനം കുതിച്ചുകയറുമെന്നാണ് പ്രതീക്ഷയെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ചില കോണ്‍ഗ്രസ് നേതാക്കള്‍ ജിഎസ്ടിയെ ഇപ്പോഴും എതിര്‍ക്കുന്നുണ്ട്. എന്നാല്‍ മിക്ക സംസ്ഥാന സര്‍ക്കാരുകളും ഇതിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്. ഇത്തരം സംവിധാനങ്ങള്‍ നടപ്പാക്കുമ്പോള്‍ ചില പരാതികളും എതിര്‍പ്പുകളും സ്വാഭാവികമാണെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി. മുന്‍ ധനകാര്യമന്ത്രി എന്ന നിലയില്‍ കാര്യങ്ങളെ വിലയിരുത്താനുള്ള അവസരം തനിക്കിനിയും ലഭിച്ചിട്ടില്ലെന്നാണ് യശ്വന്ത് സിന്‍ഹയുടെ വിമര്‍ശനങ്ങളുമായി ബന്ധപ്പെട്ട ചോദ്യത്തിന് ജെയ്റ്റ്‌ലി മറുപടി പറഞ്ഞത്. ധനകാര്യമന്ത്രി എന്ന നിലയില്‍നിന്ന് പത്രങ്ങളിലെ കോളമെഴുത്തുകാരനാകാനുള്ള ഭാഗ്യവും തനിക്ക് ലഭിച്ചിട്ടില്ലെന്നും ജെയ്റ്റ്‌ലി പരിഹാസരൂപേണ വ്യക്തമാക്കി.

Post A Comment: