നടന്‍ ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് മനുഷ്യാവകാശ ലംഘനമാണെന്ന പരാതിയില്‍ ആലുവ സബ് ജയില്‍ സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ.മോഹന്‍കുമാര്‍ ഉത്തരവിട്ടു.

തൃശൂര്‍: നടന്‍ ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കുന്നതിന്  നിയന്ത്രണം ഏര്‍പ്പെടുത്തിയത് മനുഷ്യാവകാശ ലംഘനമാണെന്ന പരാതിയില്‍ ആലുവ സബ് ജയില്‍ സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ.മോഹന്‍കുമാര്‍ ഉത്തരവിട്ടു. മനുഷ്യാവകാശ പ്രവര്‍ത്തകനായ സലീം ഇന്ത്യയാണ് പരാതി സമര്‍പ്പിച്ചത്.  ദിലീപിനെതിരായ അന്വേഷണം നീളുകയാണെന്ന പരാതിയിലും ആലുവ റൂറല്‍ എസ് പി യോട് കമ്മീഷന്‍ വിസദീകരണം തേടും. ജയില്‍ കസ്റ്റഡി മരണങ്ങള്‍ സംബന്ധിച്ച് അതത് ജയില്‍ സൂപ്രണ്ടുമാരില്‍ നിന്നു കമ്മീഷന്‍ വിശദീകരണം തേടി. വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍, വിയ്യൂര്‍ വനിതാ ജയില്‍, എറണാകുളം സബ് ജയില്‍ എന്നിവിടങ്ങളിലാണ് തടവുകാര്‍ മരിച്ചത്. പാവറട്ടി പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായകന്റെ ആത്മഹത്യ സംബന്ധിച്ചും പോലീസുകാര്‍ക്കെതിരെയെടുത്ത നടപടി സംബന്ധിച്ചും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൃശൂര്‍ റേഞ്ച് ഐ.ജി യോട് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ക്ഷേത്രദര്‍ശനത്തിനിടെ ദേവസ്വം ജീവനക്കാരന്റെ മര്‍ദ്ദനത്തിനിരായ ഭക്ത കുഞ്ഞുലക്ഷ്മിയമ്മയ്ക്ക് അമ്പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു. ദേവസ്വം അഡ്മിനിസ്‌ട്രേറ്ററുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഫ്രീസറിലല്ലാതെ മൃതദേഹം സൂക്ഷിച്ചതിനാല്‍ അഴുകി പോയി എന്ന ഒളരി സ്വദേശിയുടെ പരാതിയില്‍ ആശുപത്രിയില്‍ നിന്നു കമ്മീഷന്‍ വിശദീകരണം തേടി. 16 പുതിയ പരാതികളടക്കം 76 പരാതികള്‍ കമ്മീഷന്‍ പരിഗണിച്ചു. 17 ഏണ്ണം തീര്‍പ്പാക്കി.


Post A Comment: