പി.കെ.ബിജു.എം.പിയെ രക്ഷാധികാരിയാക്കി 501 അംഗ സംഘാടക സമിതി രൂപീകരിച്ചു. രക്ഷകാധികാരികളായി വടക്കാഞ്ചേരി എം.എല്‍.എ അനില്‍ അക്കരയേയും, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാറിനേയും തെരഞ്ഞെടുത്തുമുളങ്കുന്നത്തുകാവ് ചെസ്റ്റ് ഹോസ്പിറ്റലില്‍ പി.കെ.ബിജു.എം.പിയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച കീമോ ഡേ കെയര്‍ സെന്‍ററിന്‍റെ ഉദ്ഘാടനം സെപ്തംബര്‍ 23 ന് രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഉദ്ഘാടന ചടങ്ങ് വിപുലമായി സംഘടിപ്പിക്കുന്നതിനായി പി.കെ.ബിജു.എം.പിയെ രക്ഷാധികാരിയാക്കി 501 അംഗ സംഘാടക സമിതി രൂപീകരിച്ചു. രക്ഷകാധികാരികളായി വടക്കാഞ്ചേരി എം.എല്‍.എ അനില്‍ അക്കരയേയും, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാറിനേയും തെരഞ്ഞെടുത്തു. സംഘാടക സമിതി ചെയര്‍മാനാന്‍ ജില്ലാ കളക്ടര്‍ ഡോ.എ.കൗശികനും, ജനറല്‍ കണ്‍വീനര്‍ പ്രിന്‍സിപ്പാള്‍ ഡോ.എം.കെ.അജയകുമാറുമാണ്. ഡോ.രവീന്ദ്രന്‍ ചീഫ് കോര്‍ഡിനേറ്ററാകും.

മുളങ്കുന്നത്തുകാവ് ചെസ്റ്റ് ഹോസ്പിറ്റലിലെ കാന്‍സര്‍ വിഭാഗത്തില്‍  ത്യശ്ശൂര്‍, മലപ്പുറം, പാലക്കാട്  ജില്ലകളില്‍ നിന്നായി  അഞ്ചായിരത്തോളം രോഗികള്‍ ചികിത്സക്കെത്തുന്നുണ്ട്. ചെസ്റ്റ് ഹോസ്പിറ്റലിലെ കാന്‍സര്‍ വിഭാഗത്തില്‍  കീമോ തെറാപ്പി ചികിത്സക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ല. കീമോ തെറാപ്പിക്ക് മാത്രമായി തിരുവനന്തപുരത്തും, കോഴിക്കോടും പോയിരുന്ന ത്യശ്ശൂര്‍, മലപ്പുറം, പാലക്കാട്  ജില്ലകളില്‍ നിന്നുളള കാന്‍സര്‍ രോഗികള്‍ക്ക് യാത്രക്കും, താമസത്തിനുമായി വലിയ സാമ്പത്തിക ചെലവ് നേരിടേണ്ടി വന്നിരുന്നു. ശാരീരികമായും രോഗികള്‍ക്ക് ക്ഷീണം നേരിട്ടിരുന്നു. ഇതേ സൗകര്യം തൃശ്ശൂരില്‍ തന്നെ ലഭ്യമാക്കിയാല്‍ രോഗികള്‍ക്ക് മികച്ച സാന്ത്വനമാകുകയും, സാമ്പത്തിക ചെലവ് കുറക്കുകയും ആവാം. ഈ ലക്ഷ്യം കൈവരിക്കുന്നതിനും,  കാന്‍സര്‍ ചികിത്സയില്‍ ഗവേഷണ പഠന സൗകര്യം ഉറപ്പുവരുത്തുന്നതിനുമാണ് അഞ്ചുനിലയുളള കെട്ടിടം മുളങ്കുന്നത്തുകാവ് ചെസ്റ്റ് ഹോസ്പിറ്റലില്‍ രൂപകല്‍പ്പന ചെയ്തിരുന്നത്. മുളങ്കുന്നത്തുകാവ് ചെസ്റ്റ് ഹോസ്പിറ്റല്‍ ഭാവിയില്‍ മിനി ആര്‍സിസിയായി ഉയര്‍ത്തുന്നതിനുളള സൗകര്യങ്ങള്‍ പടിപടിയായി ലഭ്യമാക്കുകയെന്ന ലക്ഷ്യവും ഈ സംരഭത്തിന് പിന്നില്‍ ഉണ്ടായിരുന്നു.

അഞ്ചു നിലയുളള കെട്ടിടത്തിന്‍റെ ഗ്രൗണ്ട് ഫ്ളോര്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ ഒരു കോടി രൂപ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിക്കുകയും കെട്ടിടനിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു. കേന്ദ്രസര്‍ക്കാരില്‍ നിന്നും അനുവദിച്ച ഒരു കോടി രൂപയുപയോഗിച്ച് ഒന്നാം നിലയുടെ നിര്‍മ്മാണവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൂടാതെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് ഫര്‍ണീച്ചറുകളും, ആധുനിക നിലവാരത്തിലുളള കട്ടിലുകളും വാങ്ങി നല്‍കി. കീമോ ഡേ കെയര്‍ കെട്ടിടത്തിനു മുന്‍വശത്ത് വെളിച്ചം ലഭിക്കുന്നതിനാവശ്യമായ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കീമോ ഡേ കെയര്‍ കെട്ടിടം മെഡിക്കല്‍ കോളേജ് ചെസ്റ്റ് ഹോസ്പിറ്റലുമായി ബന്ധപ്പെടുത്തുന്നതിന് തടസ്സമായി നില്‍ക്കുന്ന റോഡിനു പകരം നിര്‍മ്മിക്കുന്ന പുതിയ ഔട്ടര്‍ റോഡിന് 35.84 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.  പുതിയതായി രണ്ടു ആംബുലന്‍സ് സൗകര്യവും പ്രാദേശിക വികസന ഫണ്ടില്‍ നിന്നും എം.പി മെഡിക്കല്‍ കോളേജില്‍ ലഭ്യമാക്കിയിട്ടുണ്ട്. രോഗികള്‍ക്കും, കൂട്ടിരിപ്പുകാര്‍ക്കുമായി ആധുനിക സൗകര്യങ്ങളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. ഡോക്ടറെ കാണാന്‍ കുറെ സമയം കാത്തു നിന്നു രോഗികള്‍ക്കുണ്ടാകുന്ന പ്രതിസന്ധി പൂര്‍ണ്ണമായും  പരിഹരിക്കുന്നതിനായി കമ്പ്യൂട്ടര്‍വത്ക്കരണവും ഉറപ്പാക്കിയിട്ടുണ്ട്.

കാന്‍സര്‍ ചികിത്സക്കായി തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ സാധാരണക്കാരായ രോഗികള്‍ക്ക് ആശ്രയിക്കാവുന്ന മധ്യ കേരളത്തിലെ ഏക സര്‍ക്കാര്‍ സ്ഥാപനം എന്ന നിലയില്‍ മുളങ്കുന്നത്തുകാവ് ചെസ്റ്റ് ഹോസ്പിറ്റലിലെ കാന്‍സര്‍ വിഭാഗത്തിന്‍റെ വികസനം വലിയ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. ഭാവിയില്‍ യാഥാര്‍ത്ഥ്യമാകുന്ന വലിയ വികസനത്തിന്‍റെ തുടക്കമെന്ന നിലയില്‍ കീമോ ഡേ കെയര്‍ കെട്ടിടത്തിന്‍റെ ഉദ്ഘാടനം ഉത്സവാന്തരീക്ഷത്തില്‍ നടത്തുന്നതിനുളള ഒരുക്കത്തിലാണ് എല്ലാവരും.

Post A Comment: