തൃശൂര്‍-കുന്നംകുളം റൂട്ടില്‍ സ്വകാര്യബസുകളുടെ പണിമുടക്ക് പൂര്‍ണം


കുന്നംകുളം: തൃശൂര്‍-കുന്നംകുളം റൂട്ടില്‍ സ്വകാര്യബസുകളുടെ പണിമുടക്ക് പൂര്‍ണം. പുഴയ്ക്കല്‍, മുതുവറ ഭാഗങ്ങളില്‍ മാസങ്ങളായി തകര്‍ന്നു കിടക്കുന്ന റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സ്വകാര്യബസുകള്‍ പണിമുടക്കുന്നത്. ബി.എം.എസിന്റെ നേതൃത്വത്തില്‍ ആഹ്വാനം ചെയ്ത പണിമുടക്കില്‍ എല്ലാ ജീവനക്കാരും പങ്കെടുത്തതോടെ ഇതുവഴിയുള്ള സ്വകാര്യബസുകളൊന്നും നിരത്തിലിറങ്ങിയില്ല. തൃശൂരില്‍ നിന്നും കുന്നംകുളം, ഗുരുവായൂര്‍, കോഴിക്കോട് റൂട്ടുകളിലെയും അമല വഴി പാവറട്ടി, ചാവക്കാട്, ഗുരുവായൂര്‍ എന്നിവിടങ്ങളിലേക്കുമുള്ള സ്വകാര്യ ബസുകളും പണിമുടക്കില്‍ പങ്കെടുത്തതോടെ സമരം പൂര്‍ണമായി. സ്വകാര്യവാഹനങ്ങള്‍ ധാരാളമായി നിരത്തിലിറങ്ങിയതിനാല്‍ മുതുവറ- പുഴയ്ക്കല്‍ റോഡില്‍ സാധാരണയിലും വലിയ ഗതാഗതകുരുക്കാണ് അനുഭവപ്പെട്ടത്. വീതികൂടിയ റോഡില്‍ നിന്ന് ഇടുങ്ങിയ പാലത്തിലേക്ക് വാഹനങ്ങള്‍ കയറുമ്പോള്‍ ഗതാഗതകുരുക്കും അപകടസാധ്യതയും ഏറിവരികയാണ്. ഇന്ന് പുലര്‍ച്ച കാര്‍ പാടത്തേക്കു മറിഞ്ഞു ഒരാള്‍ മരിച്ചിരുന്നു. മാധ്യമങ്ങള്‍ നിരവധിതവണ റിപ്പോര്‍ട്ട് ചെയ്തിട്ടും, പ്രതിഷേധ സമരങ്ങള്‍ പലതു കഴിഞ്ഞിട്ടും പുഴയ്ക്കല്‍- മുതുവറ ഭാഗത്തെ റോഡിന്റെ അവസ്ഥ അത്യന്തം ദുരിതപൂര്‍ണമായി തുടരുകയാണ്. ദിവസങ്ങള്‍ക്കു മുന്‍പ് അറ്റകുറ്റപ്പണികള്‍ ആരംഭിച്ചെങ്കിലും പണി പൂര്‍ത്തിയാക്കാതെ അവസാനിപ്പിക്കുകയായിരുന്നു. ബസ് പണിമുടക്കിനെതുടര്‍ന്ന് ഭൂരിഭാഗംപേരും സ്വകാര്യവാഹനങ്ങളെയും ദീര്‍ഘദൂര കെ.എസ്.ആര്‍.ടി.സി ബസുകളെയുമാണ് ആശ്രയിച്ചത്. കുന്നംകുളം റൂട്ടിലെ ബസ് സമരം മൂലം യാത്രക്കാര്‍ ദുരിതത്തിലായി. കുന്നംകുളം ബസ് സ്റ്റാന്റില്‍ എത്തിയ യാത്രക്കാര്‍ക്ക് സ്വകാര്യവാഹനങ്ങളായിരുന്നു ആശ്രയം

Post A Comment: