മഴമൂടിയ ആകാശത്തിനു കീഴില്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഇന്ന് രണ്ടാം ഏകദിനത്തിനിറങ്ങും


കൊല്‍ക്കത്ത : മഴമൂടിയ ആകാശത്തിനു കീഴില്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഇന്ന് രണ്ടാം ഏകദിനത്തിനിറങ്ങും. സ്പിന്നര്‍മാരുടെ മികവില്‍ ഒന്നാം ഏകദിനം ജയിച്ച ഇന്ത്യയെ എങ്ങനെ കീഴടക്കുമെന്ന ആശങ്കയിലാണ് ഓസ്‌ട്രേലിയ. അതേസമയം മുന്‍നിര ബാറ്റിങ്ങിലെ തകര്‍ച്ചയാണ് ഇന്ത്യക്ക് വെല്ലുവിളി. മഴ മാറിനിന്നാല്‍ പിഴവുകള്‍ തിരുത്തി മുന്നേറാനുള്ള അവസരമാണ് ഇരുസംഘത്തിനും ഈഡനിലെ റണ്ണൊഴുകുന്ന പിച്ചില്‍.ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം ആരംഭിക്കുന്നത്.
കഴിഞ്ഞ കളിയില്‍ മുന്‍നിര ബാറ്റ്‌സ്മാന്മാരെല്ലാം തകര്‍ന്നടിഞ്ഞപ്പോള്‍ വെടിക്കെട്ട് തീര്‍ത്ത ഹാര്‍ദിക് പാണ്ഡ്യയും പ്രതിരോധം തീര്‍ത്ത എം.എസ് ധോണിയും എതിര്‍ടീമിന് തലവേദന തന്നെയാണ്. കൂടാതെ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചഹലും ബാലികേറാമലയാണ്.
വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണര്‍ക്കുപോലും ഇന്ത്യയുടെ ഈ സ്പിന്‍ദ്വയത്തിനെ തകര്‍ക്കാനായില്ല. മലയാളി റിസ്റ്റ് സ്പിന്നര്‍ കെ കെ ജിയാസിനെക്കൊണ്ട് പന്തെറിയിച്ച് പരിശീലിച്ചതും തീര്‍ത്തും വെറുതെയായി. കൊല്‍ക്കത്തയിലും ഈ ശ്രമം തുടര്‍ന്നിട്ടുണ്ട് ഓസീസ്. കൊല്‍ക്കത്ത ഒന്നാം ഡിവിഷന്‍ ക്രിക്കറ്റ് ക്‌ളബ് താരങ്ങളാണ് ഇക്കുറി നെറ്റ്‌സില്‍ പന്തെറിഞ്ഞത്. പരിശീലനം ബാറ്റ്‌സ്മാന്‍മാരുടെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ടെന്നാണ് ഓസീസ് പരിശീലകന്‍ ഡാരെന്‍ ലേമാന്റെ പക്ഷം.
ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയടക്കം ആദ്യ മൂന്ന് ബാറ്റ്സ്മാന്‍മാരും അധികം സംഭാവനചെയ്യാതെ മടങ്ങിയപ്പോള്‍ മധ്യനിരയും വാലറ്റവുമാണ് ആദ്യമത്സരത്തില്‍ ഇന്ത്യയെ പൊരുതാന്‍മാത്രമുള്ള സ്‌കോറിലെത്തിച്ചത്. ശിഖര്‍ ധവാന്റെ അഭാവത്തില്‍ ഓപ്പണിങ്ങിനിറങ്ങിയ അജിന്‍ക്യ രഹാനെയും രോഹിത് ശര്‍മയും പിന്നാലെ കൊഹ്‌ലിയും ഓസീസ് പേസര്‍മാരുടെ മുന്നില്‍ മുട്ടുമടക്കിയപ്പോള്‍ മൂന്നിന് 11 എന്ന നിലയിലേക്കും പിന്നീട് ആറിന് 76ലേക്കും തകര്‍ന്നതായിരുന്നു ഇന്ത്യ.
പാറ്റ് കുമ്മിന്‍സും നതാന്‍ കോള്‍ട്ടര്‍നൈലുമാണ് ഇന്ത്യയുടെ മുന്‍നിരയെ എറിഞ്ഞിട്ടത്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായ കോള്‍ട്ടര്‍നൈലിന് സ്വന്തം ഗ്രൗണ്ട്കൂടിയാണ് ഈഡന്‍. റണ്ണൊഴുകുമെങ്കിലും പേസിനും ബൗണ്‍സിനും സഹായകമാകുന്ന പിച്ചില്‍ ഓസീസ് പേസര്‍മാര്‍ ഇന്ത്യന്‍ ബാറ്റിങ്‌നിരയ്ക്ക് ഒരിക്കല്‍ക്കൂടി തലവേദന സമ്മാനിച്ചേക്കും.
മുന്‍നിര തകര്‍ന്നാലും പിന്‍നിര കരുത്താര്‍ന്നതാണ് കൊഹ്‌ലിക്ക് ആശ്വാസം. ഏഴാമനായി മഹേന്ദ്രസിങ് ധോണിയും എട്ടാമനായി ഹാര്‍ദിക് പാണ്ഡ്യയുമാണുള്ളത്. ഇരുവരുടെയും 118 റണ്‍ കൂട്ടുകെട്ടാണ് ഇന്ത്യക്ക് ആദ്യകളിയില്‍ മികച്ച സ്‌കോര്‍ സമ്മാനിച്ചത്. പാണ്ഡ്യ 66 പന്തില്‍ നേടിയ 83 റണ്‍ ഓസീസ് ബൗളര്‍മാരുടെ താളംതെറ്റിക്കുകയും ചെയ്തിരുന്നു. ഒമ്പതാമനായി ഭുവനേശ്വര്‍ കുമാറിന്റെ സാന്നിധ്യം ബോണസാണ് ഇന്ത്യക്ക്.
ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിന്റെ 100ാം ഏകദിനംകൂടിയാണ് ഇന്നത്തേത്. അജിങ്ക്യ രഹാനെയെ നിലനിര്‍ത്തി ടീമിനെ ഒരുക്കാനാകും ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയുടെയും ക്യാപ്റ്റന്‍ കൊഹ്‌ലിയുടെയും തന്ത്രം.
അതേസമയം ബൗളിങ് നിരയില്‍ മാറ്റമില്ലെങ്കിലും മുന്‍നിര ബാറ്റ്‌സ്മാന്‍മാരില്‍ ഓസീസ് മാറ്റംവരുത്തിയേക്കും. ഹില്‍ടണ്‍ കാര്‍ട്ട്‌റൈറ്റ് ഓപ്പണിങ്ങില്‍ തുടരുമ്പോള്‍ ഗ്‌ളെന്‍ മാക്‌സ്‌വെല്ലോ മാര്‍കസ് സ്റ്റോയിനിസോ നാലാമനായി ഇറങ്ങിയേക്കും.

Post A Comment: