ബീഫിനെക്കുറിച്ച് ഒറീസയില്‍ വെച്ചു പറഞ്ഞത് തമാശയായി എടുക്കാതിരുന്നതാണ് വിവാദമാകാന്‍ കാരണമെന്ന് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനംകൊച്ചി: ബീഫിനെക്കുറിച്ച് ഒറീസയില്‍ വെച്ചു പറഞ്ഞത് തമാശയായി എടുക്കാതിരുന്നതാണ് വിവാദമാകാന്‍ കാരണമെന്ന് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. വിദേശങ്ങളില്‍ നല്ല ബീഫ് കിട്ടും, അവിടെനിന്ന് ഇവിടെ വന്ന് മെലിഞ്ഞ കാലികളുടെ മാംസം കഴിക്കേണ്ട കാര്യമുണ്ടോ എന്നാണ് തമാശയായി ചോദിച്ചത്. അത് റെക്കോര്‍ഡ് ചെയ്യാന്‍ വേണ്ടി പറഞ്ഞതായിരുന്നില്ല, ഒരു തമാശയായിരുന്നു. കേരളത്തില്‍ തമാശ ആസ്വദിക്കാന്‍ ആളില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രദേശത്തെ ജനങ്ങള്‍ എന്താണോ കഴിക്കാന്‍ ആഗ്രഹിക്കുന്നത് അതിനാണ് പ്രാധാന്യമെന്നും അദ്ദേഹം വ്യക്തമാക്കി. എറണാകുളം പ്രസ് ക്ലബ്ബില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെക്കുറിച്ച് മോദിക്കുള്ള സ്വപ്‌നം കേരളത്തിലെ ജനങ്ങളും പങ്കിടണമെന്ന് കണ്ണന്താനം പറഞ്ഞു. മോദി ചെയ്യുന്ന കാര്യങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും കേരളത്തിലെ ബിജെപിയുടെ വോട്ട് ശതമാനം കൂടുന്നത് ഇവിടെയും ബിജെപി മുന്നേറുന്നതിന്റെ ലക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു.
അടിസ്ഥാന സൗകര്യമില്ല എന്നതാണ് കേരളത്തിലെ ടൂറിസം മേഖല നേരിടുന്ന വലിയ പ്രശ്‌നം. ടോയ്‌ലറ്റുകള്‍ പോലുള്ള അടിസ്ഥാന കാര്യങ്ങളാണ് അദ്യം ഒരുക്കേണ്ടത്. മൂന്നാര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ വേണ്ടത്ര സൗകര്യമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ശരിയായ പദ്ധതിയുണ്ടാക്കുകയും നടപ്പാക്കുന്നതിന് സ്വകാര്യ മേഖലയെ ഏല്‍പ്പിക്കുകയും വേണം. പ്രകൃതിയുമായി ചേരുന്ന ഉത്തരവാദിത്വ ടൂറിസം ആകണം നമ്മുടേതെന്നും അദ്ദേഹം പറഞ്ഞു. പെട്രോളിന് വിലകൂടുമ്പോഴും ഇന്ത്യയില്‍ സാധനങ്ങള്‍ക്കൊന്നും വില കൂടിയിട്ടില്ലെന്നും ഇന്ത്യയില്‍ പണപ്പെരുപ്പം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി വ്യക്തിപരമായി നല്ല ബന്ധമാണ്. ഏത് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചാലും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Post A Comment: