ആര്‍ത്താറ്റ് സെന്റ്‌ മേരീസ് പള്ളിയില്‍ സൂക്ഷിച്ചിരുന്ന തിരുശേഷിപ്പ് മോഷണം പോയി.

കുന്നംകുളം: ആര്‍ത്താറ്റ് സെന്റ്‌ മേരീസ് പള്ളിയില്‍ സൂക്ഷിച്ചിരുന്ന തിരുശേഷിപ്പ് മോഷണം പോയി. മോഷണം മറച്ചു വെച്ച് പള്ളി ചുമതലക്കാര്‍ കൃത്രിമ തിരുശേഷിപ്പ് സൃഷ്ടിച്ചതായി പരാതി. മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ പ്രമുഖനായിരുന്ന പരിശുദ്ധ പുലിക്കോട്ടില്‍ രണ്ടാമന്‍ തിരുമേനി ഉപയോഗിച്ചിരുന്ന 100 വര്‍ഷത്തോളം പഴക്കമുള്ള കാപ യാണ് മോഷണം പോയത്. കഴിഞ്ഞ ജൂണ്‍  25 ന് ആര്‍ത്താറ്റ് മേഖലയില്‍ ഉണ്ടായ ചുഴലി കാറ്റില്‍ പള്ളിക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു. കാറ്റില്‍ കാപ സൂക്ഷിച്ചിരുന്ന ചില്ല് പേടകത്തിന് പോട്ടലേല്‍ക്കുകയും നനയാതിരിക്കാന്‍ എടുത്തു വെച്ച കാപ നഷ്ടപെടുകയുമായിരുന്നു. 1905 ല്‍ പുലിക്കോട്ടില്‍ രണ്ടാമന്‍ തിരുമേനി ജറുസലേമില്‍ നിന്ന് കൊണ്ടുവന്ന കാപ  2007 ല്‍ ദേവലോകം അരമന മാനേജര്‍ ചെറുവത്തൂര്‍ ജോസഫ് റമ്പാന്‍ വഴിയാണ് ആര്‍ത്താറ്റ് പള്ളിക്ക് ലഭിക്കുന്നത്. അന്നുമുതല്‍ പ്രത്യേകം തയ്യാറാക്കിയ ചില്ല് പേടകത്തിലാണ് ഇത് പ്രദര്‍ശിപ്പിചിരുന്നത്. എന്നാല്‍ ഈ കാപ മോഷണം പോയത് അറിഞ്ഞിട്ടും പള്ളി വികാരിയും ബന്ധപ്പെട്ടവരും വിവരം മൂടി വെക്കുകയും കൃത്രിമ കാപ സങ്കടിപ്പിച്ച് വിശ്വാസികളെ വഞ്ചിക്കുകയാണെന്നും ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഇടവകാംഗമായ വെസ്റ്റ് ബസാര്‍ കൊള്ളന്നൂര്‍ വീട്ടില്‍ ഉതുപ്പ് മകന്‍ അലക്സ് കുന്നംകുളം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവം വിവാദമായതോടെ പള്ളി ഭരണസമിതി യോഗം വിളിച്ചു ചേര്‍ക്കാന്‍ ബന്ധപെട്ടവര്‍ തീരുമാനിച്ചിട്ടുണ്ട്

Post A Comment: