ആധാര്‍ നിര്‍ബന്ധമാക്കുന്നിനൊപ്പം പബ്ബുകളിലും ബാറുകളിലും ഒരാള്‍ക്കു വില്‍ക്കുന്ന മദ്യത്തിന്റെ അളവു കുറയ്ക്കണമെന്നും


ഹൈദരാബാദ്: ഹൈദരാബാദില്‍ പബ്ബുകളിലെ പ്രവേശനത്തിന് ആധാര്‍ നിര്‍ബന്ധമാക്കി. തെലങ്കാന എക്‌സൈസ് വകുപ്പിന്റേതാണു നടപടി. പബ്ബുകളില്‍ 21 വയസ്സില്‍ താഴെയുള്ളവര്‍ പ്രവേശിക്കുന്നുണ്ടോയെന്ന് അറിയാനായാണു നടപടിയെന്നാണു വിശദീകരണം.
പബ്ബുകളില്‍ ആരൊക്കെ വന്നുപോകുന്നെന്നു അറിയാന്‍ സംവിധാനമില്ല. നിയമമനുസരിച്ച് 21 വയസ്സ് തികയാത്തവര്‍ക്കു മദ്യം വില്‍ക്കാന്‍ പാടില്ല. ഈ ചട്ടം പല പബ്ബുകളും ലംഘിക്കുന്നുവെന്നാണു കണ്ടെത്തിയതിനെത്തുടര്‍ന്നാണു പുതിയ നീക്കം. പതിനേഴുകാരിയുടെ കൊലപാതകത്തെത്തുടര്‍ന്നുള്ള അന്വേഷണത്തില്‍ പെണ്‍കുട്ടിയും പ്രായപൂര്‍ത്തിയാകാത്ത മറ്റുള്ളവരും പബ്ബുകളില്‍നിന്നു മദ്യപിക്കുമായിരുന്നുവെന്നു കണ്ടെത്തിയിരുന്നു.

ആധാര്‍ നിര്‍ബന്ധമാക്കുന്നിനൊപ്പം പബ്ബുകളിലും ബാറുകളിലും ഒരാള്‍ക്കു വില്‍ക്കുന്ന മദ്യത്തിന്റെ അളവു കുറയ്ക്കണമെന്നും തെലങ്കാന എക്‌സൈസ് വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. മദ്യപിച്ചു വാഹനമോടിച്ച് അപകടം പതിവായതിനാലാണിത്. പബ്ബില്‍ എത്തുന്നവരുടെ വിവരങ്ങളടങ്ങിയ റജിസ്റ്റര്‍ സൂക്ഷിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Post A Comment: