ഫിനോമിനല്‍ ഗ്രൂപ്പിന്റെ ചാലക്കുടിയിലെ ഹെഡ് ഓഫീസ് അടച്ചുപൂട്ടി.തൃശൂര്‍: കോടിക്കണക്കിന് രൂപയുടെ നിക്ഷേപ തട്ടിപ്പ് ഫിനോമിനല്‍ ഗ്രൂപ്പിന്റെ ചാലക്കുടിയിലെ ഹെഡ് ഓഫീസ് അടച്ചുപൂട്ടി. ഏജന്റുമാരടക്കം നൂറുകണക്കിന് ആളുകളെത്തി ബഹളം വച്ചതിനെ തുടര്‍ന്നാണ് സൗത്ത് ജംഗ്ഷനിലെ മേല്‍പ്പാലത്തിന് സമീപമുള്ള ഓഫീസ് അടച്ചത്. രണ്ടു പതിറ്റാണ്ടായി ആരോഗ്യ ഇന്‍ഷൂറന്‍സ് ഉള്‍പ്പടെ നിരവധി ധനകാര്യ പദ്ധതികള്‍ നടത്തി വന്നിരുന്ന സ്ഥാപനമാണ് അടച്ചുപൂട്ടിയത്. ഹെഡ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം വില്‍പ്പന നടത്തിയതായും സൂചനയുണ്ട്. ആധുനിക സംവിധാനത്തോടെ പേരാമ്പ്രയില്‍ ആശുപത്രി തുടങ്ങുന്നതിന് വാങ്ങിയ മൂന്നേക്കര്‍ സ്ഥലവും നേരത്തെ കമ്പനി വിറ്റിരുന്നു. ഇതിനുപുറമെ സൗത്ത് ജംഗ്ഷനിലെ എസ്.കെ.ബില്‍ഡിംഗില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചിരുന്ന ഇവരുടെ റീജണല്‍ ഓഫീസിനും മാസങ്ങള്‍ക്കു മുമ്പ് താഴുവീണു. മുംബൈയാണ് കമ്പനിയുടെ ആസ്ഥാനമെന്ന് പറയുന്നുണ്ടെങ്കിലും ഓഫീസിലെ മറ്റു ഉദ്യോഗസ്ഥര്‍ക്കും ഇതിനെക്കുറിച്ച് വ്യക്തമായ ധാരണകളില്ല. മൂന്നു മാസമായി സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് പദ്ധതിയിലുള്‍പ്പെട്ട നിക്ഷേപകരും ഏജന്റുമാരടക്കം നിരവധിപേര്‍ എസ്.കെ.ബില്‍ഡിങ്ങിലെ ഓഫീസില്‍ തടിച്ചുകൂടുക പതിവായിരുന്നു. തവണകള്‍ പൂര്‍ത്തിയായവര്‍ക്കുള്ള ലക്ഷക്കണക്കിന് രൂപ നല്‍കാന്‍ കമ്പനി അവധികള്‍ ആവശ്യപ്പെട്ടപ്പോള്‍ പരാതിക്കാര്‍ അംഗീകരിച്ചതിനാല്‍ പൊലീസ് ഇതുവരേയും കേസെടുത്തിരുന്നില്ല. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഓഫീസ് കെട്ടിടം രഹസ്യമായി വില്‍പ്പന നടത്തിയെന്ന വിവരം പുറത്തുവന്നതോടെയാണ് പണംനഷ്ടപ്പെട്ടവര്‍ കൂട്ടത്തോടെ എത്തിയത്. ഓഫീസിലുണ്ടായിരുന്ന ഏതാനും ജീവനക്കാരെ പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയിട്ടുണ്ട്. എന്നാല്‍ ഡയറക്ടര്‍ ബോര്‍ഡിലെ ആരും സ്ഥലത്തില്ലെന്ന വിവരമാണ് ലഭിച്ചത്. കേരളത്തിലെ എല്ലാ ജില്ലകളിലും കമ്പനിയുടെ പ്രവര്‍ത്തനം നടന്നിരുന്നു.

Post A Comment: