റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ രണ്ടാം ക്ലാസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര,


ഡല്‍ഹി: റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ രണ്ടാം ക്ലാസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര, ഹരിയാന സര്‍ക്കാരുകള്‍ക്കും സിബിഐക്കും സിബിഎസ്ഇക്കും സുപ്രീം കോടതി നോട്ടീസ്. കൊല്ലപ്പെട്ട പ്രദ്യുമ്‌നന്‍ താക്കൂറിന്റെ പിതാവ് വരുണ്‍ താക്കൂര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നടപടി. കേസില്‍ നിരവധി പിഴവുകള്‍ സംഭവിച്ചെന്നും സ്‌കൂളിലെ സുരക്ഷാ സംവിധാനത്തിലെ വീഴ്ച മൂലമാണ് മകന്‍ മരിക്കാനിടയായതെന്നും വരുണ്‍ ആരോപിച്ചു. ഇതേത്തുടര്‍ന്നാണ് രാജ്യത്തെ മുഴുവന്‍ സ്‌കൂള്‍ കുട്ടികള്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി കേന്ദ്രസര്‍ക്കിന് നോട്ടീസ് അയച്ചത്. മൂന്ന് ആഴ്ചക്കുള്ളില്‍ ഇതുസംബന്ധിച്ച് മറുപടി നല്‍കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കേസുമായി ബന്ധപ്പെട്ടു ഞായറാഴ്ച സ്‌കൂള്‍ മേധാവി ഫ്രാന്‍സീസ് തോമസ്, എച്ച്ആര്‍ ജയസ് തോമസ് എന്നിവരെ ജുവനൈല്‍ ജസ്റ്റീസ് ആക്ട് പ്രകാരം അറസ്റ്റു ചെയ്തിരുന്നു. ഇന്ന് സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും എതാനും ചില അധ്യാപകരെയും അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. റയാന്‍ ഇന്റര്‍നാഷണല്‍ ഉടമയെ ചോദ്യം ചെയ്യാനായി ഹരിയാന പൊലീസ് മുംബൈക്ക് തിരിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച്ച സ്‌കൂളിലെ ശുചിമുറിയിലാണ് പ്രദ്യുമ്‌നന്‍ ഠാക്കൂറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തെത്തുടര്‍ന്ന് സ്‌കൂള്‍ ബസ് കണ്ടക്ടര്‍ അശോക് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും പൊലീസ പറഞ്ഞു.

Post A Comment: