കുറ്റിപുറം സംസ്ഥാന പാതയില്‍ പുഴയ്ക്കല്‍ മുതല്‍ മുതുവറ വരെയുള്ള റോഡിന്റെ അറ്റകുറ്റപണി

തൃശൂര്‍: കുറ്റിപുറം സംസ്ഥാന പാതയില്‍ പുഴയ്ക്കല്‍ മുതല്‍ മുതുവറ വരെയുള്ള റോഡിന്റെ അറ്റകുറ്റപണികള്‍ക്കായി എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നും രണ്ടുകോടി രൂപ നല്‍കും. പൊതുമരാമത്തു മന്ത്രി ജി.സുധാകരനുമായി അനില്‍ അക്കര എംഎല്‍എ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തുകയനുവദിക്കാന്‍ തീരുമാനിച്ചത്. റോഡിന്റെ നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ മന്ത്രി ജി.സുധാകരന്‍ ജില്ലാ കളക്ടര്‍ എ.കൗശിഗനു നിര്‍ദേശം നല്‍കി.  മുതുവറ മോസ്‌കോ ജംഗ്ഷന്‍ മുതല്‍ മുതുവറ സെന്റര്‍ വരെയുള്ള റോഡിന്റെ മുഴുവന്‍ ഭാഗത്തും കോണ്ക്രീറ്റ് കട്ട വിരിക്കുന്നതിന് 50 ലക്ഷം രൂപ, മുതുവറ സെന്ററില്‍ കാനയും നടപ്പാതയും പണിയുന്നതിന് 50 ലക്ഷം രൂപ, മുതുവറ സെന്റര്‍ വിപുലീകരണം, ജംഗ്ഷന്‍ സൗന്ദര്യവത്കരണം, എല്‍ഇഡി സോളാര്‍ തെരുവുവിളക്ക് സ്ഥാപിക്കല്‍, ബസ് വെയ്റ്റിംഗ് ഷെഡ് നിര്‍മാണത്തിന് 50 ലക്ഷം രൂപ, മുതുവറ മുതല്‍ കൈപ്പറമ്പ് വരെയുള്ള പിഡബ്ല്യൂഡി റോഡിലെ പേരാമംഗലം, മുണ്ടൂര്‍, കൈപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളിലെ തകര്‍ന്ന ഭാഗത്തു കോണ്ക്രീറ്റ് കട്ട വിരിക്കുന്നതിന് 50 ലക്ഷം രൂപ എന്നിങ്ങനെയാണ് നിര്‍മാണത്തിനായി വകയിരുത്തിയിരിക്കുന്നത്.


Post A Comment: