ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായകനെ പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുന്നത് കണ്ടുവെന്ന് സുഹൃത്ത് ശരത്ത് മൊഴി നല്‍കി

പാവറട്ടി: ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായകനെ പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുന്നത് കണ്ടുവെന്ന് സുഹൃത്ത് ശരത്ത് മൊഴി നല്‍കി. പാവറട്ടി പൊലീസിനെതിരെ ലോകായുക്തയിലാണ് ശരത്ത് മൊഴി നല്‍കിയത്. തങ്ങളെ ഇരുവരെയും മാനിനകുന്നില്‍ നിന്നു കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലെത്തിച്ച ശേഷം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് ശരത്ത് മൊഴിനല്‍കിയിട്ടുള്ളത്. വിനായകനെ കുനിച്ചു നിറുത്തി പുറത്ത് കൈമുട്ട് കൊണ്ട് ഇടിച്ചു, തലമുടി ചുഴറ്റി പിഴുതെടുക്കാനും ശ്രമിച്ചു. തല ചുവരില്‍ ഇടിപ്പിച്ചു, ഇരുകവിളിലും വയറിലും ക്രൂരമായി അടിച്ചു. ബൂട്ടിട്ട കാലുകള്‍ കൊണ്ട് വിനായകന്റെ പെരുവിരലില്‍ ചവിട്ടിയരച്ചു. തന്നെയും പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്നും ശരത് ലോകായുക്ത ജസ്റ്റിസ് പയസ് സി. കുര്യാക്കോസ്, ജസ്റ്റിസ് കെ.പി.ബാലചന്ദ്രന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് മുമ്പാകെ മൊഴി നല്‍കി. മൊഴിയെടുപ്പ് നാല്‍പത് മിനിട്ട് നീണ്ടുനിന്നു. കഴിഞ്ഞ ജൂലായ് 17നാണ് വിനായകനെയും ശരതിനെയും പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇരുവരുടെയും രക്ഷിതാക്കളെ വിളിച്ചു വരുത്തി വിട്ടയക്കുകയും ജൂലായ് 18ന് രാവിലെ വീട്ടിനുള്ളില്‍ വിനായകനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയുമായിരുന്നു. കസ്റ്റഡിയിലെടുത്ത സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശ്രീജിത്ത്, സാജന്‍ എന്നിവര്‍ സസ്‌പെന്‍ഷനിലാണ്. വിനായകന്റെ മരണം വിവാദമായതോടെ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. വിനായകന്റെ പിതാവ് കൃഷ്ണന്‍ നല്‍കിയ പരാതിയില്‍ ലോകായുക്ത നേരിട്ട് കേസ് അന്വേഷിക്കുന്നതിനാലാണ് വിനായകനൊപ്പമുണ്ടായിരുന്ന സുഹൃത്ത് കൂടിയായ ശരതിന്റെ മൊഴിയെടുത്തത്. കേസ് നവംബര്‍ മൂന്നിന് വീണ്ടും പരിഗണിക്കും


Post A Comment: