മദ്യലഹരിയിൽ ഓൺലൈൻ ടാക്സി ഡ്രൈവറെ മർദ്ദിച്ച സീരിയൽ നടിമാരായ മൂന്ന് പേരെ മരട് പൊലീസ് കസ്റ്റഡിയിലെടുത്തു


എറണാകുളം: മദ്യലഹരിയിൽ ഓൺലൈൻ ടാക്സി ഡ്രൈവറെ മർദ്ദിച്ച സീരിയൽ നടിമാരായ മൂന്ന് പേരെ മരട് പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച വൈകുന്നേരം മൂന്നരയോടെ എറണാകുളം വൈറ്റിലയിലാണ് സംഭവം. സ്ത്രീകളുടെ മർദ്ദനമേറ്റ ഷെഫീഖ് എന്ന ടാക്സി ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഓൺലൈൻ സർവീസ് വഴി ഷെയർ ടാക്സി ബുക്ക് ചെയ്ത സ്ത്രീകൾ വൈറ്റിലയിൽ നിന്നാണ് കാറിൽ കയറിയത്. മദ്യലഹരിയിലായിരുന്ന സ്ത്രീകൾ കയറിയപ്പോൾ തന്നെ ബഹളം വയ്ക്കാൻ തുടങ്ങി. ഷെയർ ടാക്സിയിൽ ഉണ്ടായിരുന്ന മറ്റൊരു യാത്രക്കാരെ ഇറക്കി വിടണമെന്നായിരുന്നു സ്ത്രീകളുടെ ആവശ്യം. പോകേണ്ട സ്ഥലത്തെച്ചൊല്ലി സ്ത്രീകളും ഡ്രൈവറും തമ്മിൽ വാക്കുതർക്കവുമുണ്ടായി. ഇതിനിടയിൽ അക്രമാസക്തരായ സ്ത്രീകൾ ഡ്രൈവറുടെ വസ്ത്രങ്ങൾ വലിച്ചു കീറുകയും തലയിലും മുഖത്തും മർദ്ദിക്കുകയുമായിരുന്നു. പിന്നീട് സമീപത്തെ പൊലീസ് എയ്ഡ് പോസ്റ്റിലെത്തി ഡ്രൈവർ പരാതിപ്പെട്ടതിനെ തുടർന്ന് യുവതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആദ്യം പൊലീസ് എയിഡ് പോസ്റ്റിൽ കസ്റ്റഡിയിൽ സൂക്ഷിച്ച ഇവരെ മരട് പൊലീസെത്തി സ്റ്റേഷനിലേക്ക് കൊണ്ട് പോയി. ഡ്രൈവറുടെ പരാതിയിൽ മേൽ കേസെടുത്ത പൊലീസ് ഇവരെ സ് ജാമ്യത്തിൽ വിട്ടയയ്ക്കുമെന്ന് അറിയിച്ചു. മൂന്ന് യുവതികളും ചില സീരിയലുകളിൽ അഭിനയിച്ചിരുന്നു.

Post A Comment: