ഉത്തരകൊറിയ യുദ്ധം ഇരന്നുവാങ്ങുന്നുവെന്ന യുഎന്നിലെ അമേരിക്കന്‍ പ്രതിനിധി നിക്കി ഹാലെയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ചാണ് ഉത്തരകൊറിയ നിലപാട്


സോള്‍: വാചകമടി തുടര്‍ന്നാല്‍ യുഎസ് കനത്ത വില നല്‍കേണ്ടി വരുമെന്ന് ഉത്തരകൊറിയയുടെ മുന്നറിയിപ്പ്. യുഎസ് അവരുടെ നിഷേധാത്മക നിലപാട് തിരുത്തുന്നതുവരെ ഒരു വിധത്തിലുള്ള ചര്‍ച്ചകള്‍ക്കും സന്നദ്ധരല്ലെന്നും ഉത്തരകൊറിയ വ്യക്തമാക്കി. ഉത്തരകൊറിയ യുദ്ധം ഇരന്നുവാങ്ങുന്നുവെന്ന യുഎന്നിലെ അമേരിക്കന്‍ പ്രതിനിധി നിക്കി ഹാലെയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ചാണ് ഉത്തരകൊറിയ നിലപാട് വ്യക്തമാക്കിയത് . ഉത്തരകൊറിയന്‍ സ്ഥാപകദിനമായ ഇന്ന് മറ്റൊരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചേക്കുമെന്ന് റിപ്പോര്‍്ട്ടുകളുണ്ടായിരുന്നു. സ്‌ഫോടകശേഷി കൂടിയ ഹൈഡ്രജന്‍ ബോംബ് കഴിഞ്ഞ ദിവസം ഉത്തരകൊറിയ പരീക്ഷിച്ചിരുന്നു. ദേശീയ തലത്തിലെ സുപ്രധാന ദിനങ്ങള്‍ സൈനിക ശക്തി വെളിപ്പെടുത്തുന്നതിനും മിസൈല്‍ പരീക്ഷണങ്ങള്‍ക്കുമായി തിരഞ്ഞെടുക്കുന്ന പതിവ് ഉത്തര കൊറിയയ്ക്കുണ്ട്. ഈ സാഹചര്യത്തിലാണു പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചേക്കുമെന്ന അഭ്യൂഹം ഉയര്‍ന്നത്.  രണ്ടാം ലോകയുദ്ധത്തിന്റെ അവസാന നാളുകളില്‍ ജപ്പാനിലെ ഹിരോഷിമയില്‍ യുഎസ് ബോംബര്‍ വിമാനങ്ങള്‍ വര്‍ഷിച്ച ലിറ്റില്‍ ബോയ് അണുബോംബിന്റെ (15 കിലോ ടണ്‍) എട്ടിരട്ടി (120 കിലോ ടണ്‍) സംഹാരശേഷിയുള്ള ഹൈഡ്രജന്‍ ബോംബാണ് ഉത്തരകൊറിയ കഴിഞ്ഞദിവസം പരീക്ഷിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭൂചലനമാപിനികളില്‍ ഉത്തരകൊറിയന്‍ അതിര്‍ത്തിയിലെ സ്‌ഫോടനം 6.3 തീവ്രത രേഖപ്പെടുത്തി. അതേസമയം ഉത്തര കൊറിയക്കെതിരെ സൈനിക നടപടിക്ക് സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പ്രതികരിച്ചു. ഹൈഡ്രജന്‍ ബോംബ് ഉത്തര കൊറിയ കഴിഞ്ഞ ദിവസം പരീക്ഷിച്ചതിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രതികരണം.സൈനിക നടപടി തീര്‍ച്ചയായും പരിഗണനയിലുള്ള സാധ്യതയാണ്. ഒഴിച്ചുകൂടാനാവില്ലെങ്കില്‍ എന്തുചെയ്യും? ഞങ്ങള്‍ എല്ലാകാര്യങ്ങളും വിശദമായി നിരീക്ഷിക്കുകയാണ്. 25 വര്‍ഷമായി പല പ്രസിഡന്റുമാര്‍ മാറിമാറി വന്നു. അവരെല്ലാം ചര്‍ച്ചകള്‍ തുടര്‍ന്നു. ആണവായുധ കാര്യങ്ങളില്‍ ഉത്തര കൊറിയയുമായി കരാര്‍ സാധ്യമായിട്ടില്ല. സൈനിക വഴി തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ അതിനുള്ള സാഹചര്യം ഒത്തുവന്നാല്‍ ഒഴിവാക്കാനാവില്ല.യുഎസ് സൈന്യത്തിന് എക്കാലത്തെയും വലിയ കരുത്തുണ്ട് ഇപ്പോള്‍. ഉത്തര കൊറിയയുടെ മേല്‍ അതുപയോഗിക്കരുതെന്നാണ് ആഗ്രഹം. ഞങ്ങളത് പ്രയോഗിച്ചാല്‍ ഉത്തര കൊറിയയുടെ ഏറ്റവും ദുഃഖകരമായ ദിവസമാകും. ഞാന്‍ ചര്‍ച്ചയ്ക്ക് ഇല്ല. മുന്‍ ഭരണാധികാരികളെ പോലെ ഞാനവരോട് സംസാരിക്കാനില്ല. പക്ഷെ ഒരു കാര്യം ഉത്തര കൊറിയയോടു പറയാനാഗ്രഹിക്കുന്നു. മോശമായാണ് ഉത്തര കൊറിയ പെരുമാറുന്നത്, അതുടന്‍ അവസാനിപ്പിക്കണമെന്നും ട്രംപ് വ്യക്തമാക്കി.


Post A Comment: