ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് കൊച്ചി വേദിയാകുന്ന പശ്ചാത്തലത്തില്‍ മത്സര പ്രചരണത്തിനായി സര്‍ക്കാര്‍ ആസൂത്രണം ചെയ്ത പദ്ധതികളിലൊന്നായ വണ്‍മില്യന്‍ ഗോളിന്‍റെ വിജയത്തിന് ജില്ലയിലെ മുഴുവന്‍


ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് കൊച്ചി വേദിയാകുന്ന പശ്ചാത്തലത്തില്‍ മത്സര പ്രചരണത്തിനായി സര്‍ക്കാര്‍ ആസൂത്രണം ചെയ്ത  പദ്ധതികളിലൊന്നായ വണ്‍മില്യന്‍ ഗോളിന്‍റെ വിജയത്തിന് ജില്ലയിലെ മുഴുവന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ഉദ്യോഗസ്ഥരും മുന്നിട്ടിറങ്ങണമെന്ന് കായിക-യുവജനക്ഷേമ-വ്യവസായ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ അഭ്യര്‍ത്ഥിച്ചു. ജില്ലാ ആസൂത്രണസമിതി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായ്ത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സെപ്തംബര്‍ 27 വൈകീട്ട് 3 മുതല്‍ 7 വരെ സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലും 87 മുന്‍സിപ്പാലിറ്റികളിലും 6 കോര്‍പ്പറേഷനുകളിലും സ്കൂള്‍ / കോളേജ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതുജന പങ്കാളിത്തത്തോടെ പത്ത് ലക്ഷം ഗോളുകള്‍ അടിച്ച് കൂട്ടുന്നതാണ് വണ്‍മില്യന്‍ ഗോള്‍ പദ്ധതി. ജില്ലാ ഭരണകൂടം, സ്പോര്‍ട്സ് കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുക. ഓരോ ഗ്രാമപഞ്ചായത്തിലും ഒരു കേന്ദ്രവും 2000 ഗോളുകളും, ഓരോ മുന്‍സിപ്പാലിറ്റിയില്‍ 10 കേന്ദ്രങ്ങളില്‍ നിന്ന്  1000 ഗോളുകള്‍, ഓരോ കോര്‍പ്പറേഷനില്‍ 15 കേന്ദ്രങ്ങളില്‍ നിന്നായി 15000 ഗോളുകള്‍ എന്ന ക്രമത്തിലാണ് പെനാല്‍ട്ടി കിക്കിലൂടെ സംസ്ഥാനത്താകെ പത്ത് ലക്ഷം ഗോളുകള്‍ അടിക്കുക. ഏറ്റവും കൂടുതല്‍ ഗോളടിക്കുന്ന ജില്ലാ / ഗ്രാമപഞ്ചായത്ത് / മുന്‍സിപ്പാലിറ്റി / കോര്‍പ്പറേഷന്‍ എന്നിവയ്ക്ക് പ്രത്യേക സമ്മാനങ്ങളും നല്‍കും. പരിപാടിയുടെ നടത്തിപ്പിനെക്കുറിച്ചാലോചിക്കുന്നതിനുളള പ്രത്യേക യോഗം സെപ്തംബര്‍ 16 ന് രാവിലെ 9.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേരും. ദീപശിഖാ റാലി, സെലിബ്രിറ്റി ഫുട്ബോള്‍ മത്സരം തുടങ്ങിയവയും ഫിഫ ലോകകപ്പ് മത്സരങ്ങളുടെ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്നുണ്ട്.

 

Post A Comment: