നഗരസഭ തിരഞ്ഞെടുപ്പില്‍ ഇരട്ട വോട്ട് നടന്നെന്ന പരാതിയില്‍

വടക്കാഞ്ചേരി: നഗരസഭ തിരഞ്ഞെടുപ്പില്‍ ഇരട്ട വോട്ട് നടന്നെന്ന പരാതിയില്‍ ഹൈദരാബാദില്‍ നിന്നെത്തിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിദഗ്ദ സമിതി വോട്ടിങ് മെഷീന്‍ തുറന്ന് പരിശോധിച്ചു. വടക്കാഞ്ചേരി മുന്‍സിഫ്‌ കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ്‌ നടപടി. 2011 നവംബര്‍ 5ന് നടന്ന തിരഞ്ഞെടുപ്പില്‍ മുണ്ടത്തിക്കോട് സ്വദേശി കുന്നാട്ട് പറമ്പില്‍ ശ്രീനിവാസന്‍ നഗരസഭയുടെ മുണ്ടത്തിക്കോട് ഡിവിഷനിലും, പത്താംകല്ല് ഡിവിഷനിലും വോട്ട് രേഖപ്പെടുത്തിയെന്നും ഇതു മൂലം പത്താംകല്ല് ഡിവിഷനില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി മത്സരിച്ച താന്‍ ഒരു വോട്ടിന് തോറ്റുവെന്നും ചൂണ്ടിക്കാട്ടി ലൈല അബ്ദുള്‍ അസീസ് മുന്‍സിഫ്‌ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പത്താംകല്ല് ഡിവിഷനില്‍ വാശിയേറിയ മത്സരമാണ് നടന്നത് ഇപ്പോഴത്തെ കൗണ്‍സിലര്‍ സി.പി.എം. പ്രതിനിധി നൗഷബ ജബ്ബാര്‍ കോണ്‍ഗ്രസിലെ ലൈല അബ്ദുള്‍ അസീസിനെ ഒരു വോട്ടിനാണ് തോല്‍പ്പിച്ചത്. അന്ന് ശ്രീനിവാസനും ഈ ഡിവിഷനില്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. മുണ്ടത്തിക്കോട് 41-ാം ഡിവിഷനിലും ശ്രീനിവാസന്‍ വോട്ട് രേഖപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. ലൈല അബ്ദുള്‍ അസീസിന്റെ പരാതിയില്‍ ശ്രീനിവാസന്‍ പത്താംകല്ല് ഡിവിഷനില്‍ ആര്‍ക്കാണ് വോട്ട് ചെയ്തതെന്നാണ് പരിശോധിച്ചത്. ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ. മോഹന്‍ റെഡി, അസിസ്റ്റന്റ് രാമമൂര്‍ത്തി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഫലം സീല്‍ ചെയ്ത് ഉദ്യോഗസ്ഥര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. വോട്ട് തുല്യമായാല്‍ നറുക്കെടുപ്പിലൂടെയായിരിക്കും പുതിയ കൗണ്‍സിലറെ തിരഞ്ഞെടുക്കുക. കേസ് ഒക്ടോബര്‍ 5 ന് വീണ്ടും പരിഗണിക്കും.


Post A Comment: