അഫ്ഗാനിസ്ഥാനില്‍ ഇന്ത്യക്ക് രാഷ്ട്രീയമായി ഒരു റോളുമില്ലെന്നും അബ്ബാസി പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഇന്ത്യയുടെ സഹായം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അഭ്യര്‍ഥിച്ചതിനു തൊട്ടുപിന്നാലെയാണ് അബ്ബാസിയുടെ പ്രതികരണം


ഇസ്ലാമബാദ്: ഇന്ത്യയെ പ്രതിരോധിക്കാന്‍ ഹ്രസ്വദൂര ആണവായുധങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷാഹിദ് ഖഖാന്‍ അബ്ബാസി. പാകിസ്ഥാന്റെ ആണവായുധശേഖരം സുരക്ഷിതമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഏറ്റവും വേഗത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്ന ആണവായുധങ്ങള്‍ തങ്ങള്‍ക്കാണുള്ളത്. എന്നാല്‍, തന്ത്രപ്രധാനമായ ആണവായുധങ്ങളൊന്നും പാകിസ്ഥാന്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ല. ഇന്ത്യന്‍ സൈന്യം വികസിപ്പിച്ച 'കോള്‍ഡ് സ്റ്റാര്‍ട്ട്' സിദ്ധാന്തത്തെ പ്രതിരോധിക്കാനാണ് ഹ്രസ്വദൂര ആണവായുധങ്ങള്‍ നിര്‍മിച്ചത്. എന്നാല്‍, അവയില്‍ കൃത്യമായ നിയന്ത്രണമുണ്ട്. അതിന്റെ സുരക്ഷയിലും പ്രയോഗം അടക്കമുള്ളവയിലും തീരുമാനമെടുക്കുന്നത് ന്യൂക്ലിയര്‍ കമാന്‍ഡ് അതോറിറ്റി (എന്‍സിഎ) ആയിരിക്കും. കഴിഞ്ഞ 20 വര്‍ഷം അതിന്റെ തെളിവാണെന്നും ഷാഹിദ് അബ്ബാസി പറഞ്ഞു. 1960കള്‍ മുതല്‍ക്കേ തങ്ങള്‍ക്ക് ആണവായുധമുണ്ടെന്നും അതെങ്ങനെ ഉപയോഗിക്കണമെന്നും ആണവമാലിന്യം എങ്ങനെ നിര്‍മാര്‍ജനം ചെയ്യണമെന്നും തങ്ങള്‍ക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഫ്ഗാനിസ്ഥാനില്‍ ഇന്ത്യക്ക് രാഷ്ട്രീയമായി ഒരു റോളുമില്ലെന്നും അബ്ബാസി പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഇന്ത്യയുടെ സഹായം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അഭ്യര്‍ഥിച്ചതിനു തൊട്ടുപിന്നാലെയാണ് അബ്ബാസിയുടെ പ്രതികരണം. രാഷ്ട്രീയമായോ സൈനികമായോ അഫ്ഗാനില്‍ ഒരു പങ്കും ഇന്ത്യക്ക് വഹിക്കാനില്ല. അത് കാര്യങ്ങള്‍ സങ്കീര്‍ണമാക്കുകയേ ഉള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.


Post A Comment: