ഗുരുവായൂരിലെ പാര്‍ഥസാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരു പുതിയ നടപടിയും എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.ഗുരുവായൂരിലെ പാര്‍ഥസാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരു പുതിയ നടപടിയും എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. ക്രമക്കേടുമൂലം ഭരണം താളംതെറ്റിയ ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കുകമാത്രമാണ് ഉണ്ടായത്. ഭരണസമിതി ഗുരുതരമായ ക്രമക്കേടുകള്‍ നടത്തിയെന്ന ആരോപണം വരികയും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകുകയും ചെയ്തതിനെതുടര്‍ന്ന് എട്ടുവര്‍ഷം മുമ്പാണ് ക്ഷേത്രഭരണം മലബാര്‍ ദേവസ്വം ബോര്‍ഡിന് കൈമാറണമെന്ന ആവശ്യം ഉയര്‍ന്നത്. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ദീര്‍ഘകാല നിയമപോരാട്ടം നടന്നതിനെതുടര്‍ന്ന് കോടതിയാണ് ക്ഷേത്രഭരണം ദേവസ്വം ബോര്‍ഡിനെ ഏല്‍പ്പിക്കാന്‍ ഉത്തരവിട്ടത്. കോടതി ഉത്തരവുപ്രകാരം ക്ഷേത്രഭരണം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍, ഭണ്ഡാരത്തിന്റെയും ലോക്കറുകളുടെയും താക്കോല്‍ കൈമാറിയാല്‍ ക്രമക്കേടുകളുടെ തെളിവ് പുറത്തുവരുമെന്ന് ഭയന്നാകാം പഴയ ഭരണസമിതി ഭാരവാഹികള്‍ അതിന് തയ്യാറായില്ല. ക്ഷേത്രം ഏറ്റെടുത്തതിനെതിരെ ഭരണസമിതി ഭാരവാഹികള്‍ വീണ്ടും കോടതിയില്‍ പോയപ്പോള്‍ സ്റ്റേ കിട്ടി. എന്നാല്‍, മാസങ്ങള്‍ക്കകം, സ്റ്റേ റദ്ദുചെയ്ത് ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി പുനഃസ്ഥാപിച്ചു. ആ ഉത്തരവ് നടപ്പാക്കാനെത്തിയ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ച്‌ കഴിഞ്ഞദിവസം സംഘര്‍ഷാവസ്ഥ ഉണ്ടാക്കുകയായിരുന്നു. ക്ഷേത്രഭരണം ബോര്‍ഡ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുന്നത് വിശ്വാസികളും ക്ഷേത്രജീവനക്കാരും തന്നെയാണ്. ഇത് മറച്ചുവച്ച്‌ സര്‍ക്കാര്‍ ക്ഷേത്രം പിടിച്ചെടുക്കുന്നുവെന്നൊക്കെ പ്രചരിപ്പിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് മന്ത്രി ചോദിച്ചു. ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന കുപ്രചാരണമാണ് ചിലര്‍ നടത്തുന്നത്. ഇത് വിലപ്പോകില്ല. ക്ഷേത്രസ്വത്ത് അന്യാധീനപ്പെട്ട് പോകുന്നത് തടയാനാണ് മലബാര്‍ ദേവസ്വം ബോര്‍ഡിനോട് ക്ഷേത്രം ഏറ്റെടുക്കാന്‍ കോടതി നിര്‍ദേശിച്ചത്. മലബാര്‍ ദേവസ്വം ബോര്‍ഡിനുകീഴില്‍ വരുന്ന ക്ഷേത്രങ്ങള്‍ക്ക് സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ ഗ്രാന്റ് നല്‍കി സഹായിക്കുന്നത് മറച്ചുവച്ച്‌ ക്ഷേത്രത്തിലെ പണം സര്‍ക്കാര്‍ ഖജനാവിലേക്ക് കൊണ്ടുപോകുന്നുവെന്ന കള്ളപ്രചാരണം ഇനിയെങ്കിലും അവസാനിപ്പിക്കണം. ഒരു ക്ഷേത്രത്തിലെയും പണം സര്‍ക്കാര്‍ എടുക്കുന്നില്ല. ദേവസ്വം ബോര്‍ഡുകള്‍ക്കുകീഴിലുള്ള ക്ഷേത്രവരുമാനം അതത് ക്ഷേത്രത്തിന്റെയും മറ്റ് ക്ഷേത്രങ്ങളുടെയും ദൈനംദിനചെലവുകള്‍ക്കും ക്ഷേത്രജീവനക്കാര്‍ക്ക് ശമ്ബളം നല്‍കാനും വികസനപ്രവര്‍ത്തനങ്ങള്‍ക്കുമാണ് ചെലവഴിക്കുന്നതെന്നും മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

Post A Comment: