ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വിശ്വാസികളും മലബാര്‍ ദേവസ്വം ബോര്‍ഡ് അധികൃതരും തമ്മില്‍ സംഘര്‍ഷം.

ഗുരവായൂര്‍: ഗുരുവായൂര്‍ പാര്‍ത്ഥസാരഥി  ക്ഷേത്രം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വിശ്വാസികളും മലബാര്‍ ദേവസ്വം ബോര്‍ഡ് അധികൃതരും തമ്മില്‍ സംഘര്‍ഷം. വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്. ക്ഷേത്രം ഏറ്റെടുക്കുന്നതില്‍ ഇവിടെ ഹൈക്കോടതിയുടെ സ്‌റ്റേ നിലനിന്നിരുന്നു. ഇതിന്റെ കാലാവധി കഴിഞ്ഞ സാഹചര്യത്തിലായിരുന്നു ദേവസ്വം ബോര്‍ഡ് അധികൃതര്‍ ക്ഷേത്രം ഏറ്റെടുക്കുന്നതിനായി സ്ഥലത്തെത്തിയത്. എന്നാല്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേത്രം ഏറ്റെടുക്കാന്‍ അനുവദിക്കില്ലെന്നും അധികൃതര്‍ മടങ്ങിപ്പോവണമെന്നും എന്നാവശ്യപ്പെട്ട് വിശ്വാസികള്‍ രംഗത്തെത്തി. തുടര്‍ന്ന് വിശ്വാസികള്‍ ക്ഷേത്രത്തിന് അകത്ത് കയറി കതകടച്ച് പ്രാര്‍ത്ഥന ആരംഭിച്ചു. ക്ഷേത്രം ഏറ്റെടുക്കുന്നത് ദുരുദ്ദേശപരമെന്നാണ് വിശ്വാസികള്‍ പറയുന്നത്. പോലീസ് സ്ഥലത്തെത്തിയെങ്കിലും വിശ്വാസികളെ പിന്തിരിപ്പിക്കാന്‍ കഴിഞ്ഞില്ല. ക്ഷേത്രം ഏറ്റെടുക്കാനുള്ള നീക്കം വര്‍ഷങ്ങള്‍ക്കു മുന്‍പ് ആരംഭിച്ചതാണ്. വിശ്വാസികളും ക്ഷേത്ര സമിതിയും കോടതിയെ സമീപിച്ചതോടെയാണ് ഏറ്റെടുക്കല്‍ നീണ്ടത്. നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ് പ്രശ്‌നം. എന്നാല്‍ ഹൈക്കോടതിയുടെ അനുമതിയോടെയാണ് ക്ഷേത്രം ഏറ്റെടുക്കുന്നതെന്നാണ് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ നിലപാട്. സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം പ്രവര്‍ത്തിച്ചുവരുന്ന ഭരണസമിതിക്കാണ് നിലവില്‍ ക്ഷേത്ര ഭരണാധികാരം. സമിതിയുടെ പ്രവര്‍ത്തനത്തില്‍ ക്രമക്കേട് ആരോപിച്ചാണ് ക്ഷേത്രം ഏറ്റെടുക്കാനുള്ള നീക്കം തുടങ്ങിയത്.

Post A Comment: