തൃശൂര്‍ ഗവണ്‍മെന്ററ് എഞ്ചിനീയറിംഗ് കോളേജിന്റെ വജ്ര ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

തൃശൂര്‍: കാശുണ്ടാക്കാനുള്ള ഒരു കേന്ദ്രമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാറാന്‍ പാടില്ലെന്നും ഇത്തരത്തിലുള്ള കേന്ദ്രങ്ങളില്‍ നിന്നു പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികളേയും ഇത് ബാധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തൃശൂര്‍ ഗവണ്‍മെന്ററ് എഞ്ചിനീയറിംഗ് കോളേജിന്റെ വജ്ര ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പല സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് അവമതിപ്പുണ്ടാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു. വെറും കാശിന്റെ ബലത്തിലല്ല, യോഗ്യതകള്‍ കൂടി പരിഗണിച്ചാവണം പഠനം. എല്ലാ സ്ഥാപനങ്ങള്‍ക്കും പൊതുവായ യോഗ്യതകള്‍ ഉണ്ടാകണം. അക്കാദമിക് മാസ്റ്റര്‍ പ്ലാനിന്റെ ആവശ്യകത ഇവിടെ പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സമൂഹവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ പ്രവര്‍ത്തിക്കാന്‍ സാധിക്കണം. വിദ്യാര്‍ത്ഥികളുടെ വൈദഗ്ധ്യത്തെ ശരിയായി ഉപയോഗിക്കാനും പരിശീലിപ്പിക്കാനും അധ്യാപകരുടെ മേല്‍നോട്ടത്തില്‍ സര്‍ക്കാരിന്റെ ഭവന പദ്ധതികളുമായി ബന്ധപ്പെട്ട് സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വജ്ര ജൂബിലി സ്മാരകമായി കോളേജില്‍ ഒരു ഇന്‍ഡോര്‍ സ്റ്റേഡിയം കം- പ്ലേസ്‌മെന്റ് കോംപ്ലക്‌സ് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കോളേജില്‍ പുതുതായി നിര്‍മ്മിച്ച വനിതാ ഹോസ്റ്റല്‍ കൃഷിവകുപ്പ് മന്ത്രി അഡ്വ.വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.


Post A Comment: