അടാട്ട് പഞ്ചായത്തിനു കീഴിലുള്ള പുഴയ്ക്കല്‍ റിവര്‍ ടൂറിസം പദ്ധതി നിലച്ചുകുന്നംകുളം: അടാട്ട് പഞ്ചായത്തിനു കീഴിലുള്ള പുഴയ്ക്കല്‍ റിവര്‍ ടൂറിസം പദ്ധതി നിലച്ചു. വിലങ്ങന്‍ കുന്നിലേക്കും ശോഭാ മാളിലേക്കുമെല്ലാം വരുന്നവര്‍ക്ക് ജലയാത്രയുടെ ഉല്ലാസം പകര്‍ന്നിരുന്ന പദ്ധതി അനാഥാവസ്ഥയിലായിട്ട് മാസങ്ങളായി. കഴിഞ്ഞ വേനലില്‍ പുഴ വറ്റിയതോടെയാണ് പദ്ധതി പ്രതിസന്ധിയിലായത്. പിന്നീട് മഴ ലഭിച്ച് തുടങ്ങിയതോടെ പദ്ധതി പുനരാരംഭിക്കണമന്ന ആവശ്യമുയര്‍ന്നെങ്കിലും കരാറുകാര്‍ വേണ്ടത്ര താല്‍പര്യം കാട്ടിയില്ല. അപ്പോഴേക്കും പദ്ധതിയുടെ ഭാഗമായി ജലയാത്ര നടത്തിയിരുന്ന ഹൗസ് ബോട്ടും, ഷിക്കാരയും പെഡല്‍ ബോട്ടുകളുമെല്ലാം നശിച്ചു കഴിഞ്ഞിരുന്നു. പ്രതിസന്ധികള്‍ തീര്‍ത്ത് വന്നപ്പോഴേക്കും ജി.എസ്.ടി.ക്കു കീഴില്‍ പദ്ധതി വന്നതോടെ പുതിയ രജിസ്‌ട്രേഷനടക്കമുള്ള നടപടിക്രമങ്ങള്‍ വെല്ലുവിളിയായി മാറുകയായിരുന്നു. ജി.എസ്.ടി. വന്നതോടെ ടാക്‌സ് ഇനത്തില്‍ പഞ്ചായത്തിനു ലഭിക്കുമായിരുന്ന 30 ശതമാനം നികുതി വരുമാനവും ഇല്ലാതാകുമെന്നതാണ് സ്ഥിതി. ഇതോടെയാണ് പുഴയ്ക്കല്‍ ടൂറിസം വില്ലേജ് പൂര്‍ണമായും പ്രതിസന്ധിയിലായതെന്ന് അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് വി.ഒ.ചുമ്മാര്‍ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി സജ്ജമാക്കിയ 3 ത്രിഡി തിയേറ്ററും വിപണനകേന്ദ്രവുമെല്ലാം അടച്ചിട്ടിരിക്കുകയാണ്. കുടുംബശ്രീയുടെ കാന്റീന്‍ മാത്രമാണിവിടെ നിലവില്‍ പ്രവര്‍ത്തിക്കുന്നത്. 2008ല്‍ അനില്‍ അക്കര പഞ്ചായത്ത് പ്രസിഡന്റായിരിക്കെ തുടങ്ങിയ പദ്ധതി പ്രതിസന്ധിയെ തുടര്‍ന്ന് ഒരിക്കല്‍ മുടങ്ങിയെങ്കിലും രണ്ടു വര്‍ഷം മുമ്പ് ത്രിഡി തിയേറ്ററടക്കമുള്ള സജ്ജീകരണങ്ങളൊരുക്കി പുനരാരംഭിച്ചിരുന്നു. കരാറുകാരുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ജി.എസ്.ടി. രജിസ്‌ട്രേഷനടക്കമുള്ള നടപടി പൂര്‍ത്തിയാക്കി പദ്ധതിക്ക് ശാപമോക്ഷം നല്‍കാനാകുമെന്നാണ് പ്രതീക്ഷയെന്നും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.


Post A Comment: