ഫീസ് അടക്കാന്‍ പണമില്ലാതെ വിദേശ സര്‍വകലാശാലയിലെ പഠനം അനിശ്ചിതത്വത്തിലായ ദളിത് വിദ്യാര്‍ത്ഥി റിമ രാജന് ഒടുവില്‍ സര്‍ക്കാരിന്റെ സഹായം കിട്ടി
തൃശ്ശൂര്‍: ഫീസ് അടക്കാന്‍ പണമില്ലാതെ വിദേശ സര്‍വകലാശാലയിലെ പഠനം അനിശ്ചിതത്വത്തിലായ ദളിത് വിദ്യാര്‍ത്ഥി റിമ രാജന് ഒടുവില്‍ സര്‍ക്കാരിന്റെ സഹായം കിട്ടി. ഇന്ന് ഫീസ് അടച്ചില്ലെങ്കില്‍ പുറത്താക്കുമെന്ന് റിമയ്ക്ക് സര്‍വകലാശാല നല്‍കിയ ടെര്‍മിനേഷന്‍ ലെറ്ററില്‍ പറഞ്ഞിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇടപെട്ട് വാഗ്ദാനം ചെയ്ത സഹായം നല്‍കുകയായിരുന്നു. തൃശൂര്‍ കൊടകരയ്ക്കടുത്ത് പുലിപ്പാറക്കുന്നില്‍ രാജന്റെയും രുഗ്മിണിയുടെ മൂത്ത മകളാണ് റിമ രാജന്‍. വിദേശ പഠന ചിലവിന് സഹായം ലഭിക്കുമെന്ന വകുപ്പിന്റെ ഉറപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു കിടപ്പാടം പണയപ്പെടുത്തി യൂണിവേഴ്സിറ്റിയില്‍ പഠനം തുടങ്ങിയത്. എന്നാല്‍ പട്ടികജാതി വകുപ്പ് ഉദ്യോഗസ്ഥര്‍ കാണിച്ച കെടുകാര്യസ്ഥതയാണ് കാര്യങ്ങള്‍ ഇവിടെവരെ എത്തിച്ചത്. വാര്‍ത്ത പുറത്തുവന്നതിന് ശേഷം മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് പണം നല്‍കാന്‍ തീരുമാനിച്ചതോടെയാണ് പഠനം തുടരാനുള്ള വഴി തുറന്നിരിക്കുന്നത്. ബികോമിന് ഉന്നത മാര്‍ക്ക് നേടിയ റിമ പോര്‍ച്ചുഗലിലെ സര്‍വ്വവകലാശാലയിലാണ് എംഎസ്സി ബിസിനസ് മാനെജ്മെന്റിന് ഉപരിപഠനത്തിന് ചേര്‍ന്നത്. ആകെയുണ്ടായിരുന്ന പത്ത് സെന്റിന്റെ ആധാരം പണയം വച്ചും കടമെടുത്തുമാണ് രണ്ട് കൊല്ലം മുന്‍പ് മകളെ പഠനത്തിന് അയച്ചത്. ഉപരിപഠനത്തിനുള്ള സര്‍ക്കാര്‍ സഹായമായിരുന്നു പ്രതീക്ഷ. എന്നാല്‍ അപേക്ഷയുമായെത്തിയ ഈ കുടുംബത്തെ പട്ടികജാതി വകുപ്പ് കൈയ്യൊഴിയുകയായിരുന്നു. പഠനത്തില്‍ മിടുക്കിയായ റിമ ആദ്യ വര്‍ഷം എണ്‍പത് ശതമാനത്തിലധികം മാര്‍ക്ക് നേടി. അക്കാദമിക മികവ് പരിഗണിച്ച സര്‍വ്വകലാശാല പണം നല്‍കാന്‍ സമയം നീട്ടി നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് ടെര്‍മിനേഷന്‍ ലെറ്റര്‍ നല്‍കിയത്. റിമയുടെയും കുടുംബത്തിന്റെയും ദുര്യോഗം വാര്‍ത്തയായതോടെ പ്രതിപക്ഷ നേതാവ് ഇടപെട്ടു. അദ്ദേഹം മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തു. ഇതോടെയാണ് പണം നല്‍കാനുള്ള വഴി തുറന്നത്. റിമയ്ക്ക് ഇന്ന് അടയ്ക്കേണ്ട 5 ലക്ഷം അടിയന്തരമായി അനുവദിക്കുമെന്നും ബാക്കി തുക ഘട്ടം ഘട്ടമായി നല്‍കുമെന്നും വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പ്രതിപക്ഷ നേതാവിന് ഉറപ്പ് നല്‍കി.

Post A Comment: