പൊതുമരാമത്ത് വകുപ്പ് ഉദ്യാഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ.


തൃശൂര്‍: പൊതുമരാമത്ത് വകുപ്പ് ഉദ്യാഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ.  തൃശൂര്‍ കുറ്റിപ്പുറം സംസ്ഥാന പാതയിലെ  പുഴയ്ക്കല്‍ മുതല്‍ മുതുവറ വരെയുള്ള   റോഡിന്‍റെ തകര്‍ച്ചയുമായി ബന്ധപ്പെട്ട്  മുന്നാം തവണയും സ്‌പെഷല്‍ ബ്രാഞ്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ഇതുവഴിയുള്ള യാത്രാ ദുരിതത്തെ കുറിച്ച് ഓണത്തിന് മുമ്പ് രണ്ട് തവണയും ഓണത്തിന് ശേഷം ഒരു തവണയുമാണ് സ്‌പെഷല്‍ ബ്രാഞ്ച് സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. യാത്രാദുരിതം നേരിടുന്ന പുഴയ്ക്കലില്‍  റോഡിന്‍റെ അറ്റകുറ്റപ്പണി നടത്തുന്നതില്‍ ബന്ധപ്പെട്ട  വകുപ്പ് ഉദ്യാഗസ്ഥര്‍ വീഴ്ച വരുത്തിയതായും ഇവര്‍ക്കെതിരെ നടപടി വേണമെന്നുമാണ് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുള്ളത്. നേരത്തെ  കരാറുകാര്‍ നടത്തിയ പണി കൃത്യമായി പരിശോധിക്കുന്നതില്‍ വീഴ്ച വരുത്തിയതാണ് ഇപ്പോഴുള്ള ദുരിതത്തിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓണത്തിന് മുമ്പ് രണ്ട് തവണ പുഴയ്ക്കല്‍ റോഡില്‍ അറ്റകുറ്റപ്പണി നടത്തിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ജില്ലാ കളക്ടര്‍ക്കും, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും കൈമാറിയിട്ടുണ്ട്.  മുതുവറ പമ്പ് മുതല്‍  മുതുവറ ജംഗ്ഷന്‍ വരെ ടാറിങ്ങ് പൂര്‍ണമായും തകര്‍ന്ന് കുഴികളില്‍ വെള്ളവും,  ചെളിയും കെട്ടിക്കിടക്കുകയാണ്.  ടാറിങ്ങ് തകര്‍ന്ന റോഡിലെ കുഴികളില്‍പ്പെട്ട് ഇരുചക്ര വാഹനയാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കുഴികളില്‍പ്പെട്ട് തകരാറിലായി വഴിയില്‍ കിടക്കേണ്ടി വരുന്നതും യാത്രാദുരിതം വര്‍ദ്ധിപ്പിക്കുന്നു ഗതാഗത കുരുക്ക് മൂലം തൃശൂരില്‍ നിന്ന് കുന്നംകുളത്തേക്കുള്ള വാഹനങ്ങള്‍ കുറ്റൂര്‍ വഴിയും, കുന്നംകുളത്ത്  നിന്ന് തൃശൂരിലേക്ക് പോകുന്ന വാഹനങ്ങള്‍ മുണ്ടൂരില്‍ തിരിഞ്ഞ് കൊട്ടേക്കാട് വഴിയുമാണ് പോകുന്നത്. ദിവസം ചെല്ലുംതോറും റോഡിലെ അറ്റകുറ്റപ്പണി വൈകുന്നത് യാത്രക്കാരെ കൂടുതല്‍ ദുരിതത്തിലാക്കുകയാണ്.

Post A Comment: