മന്ത്രിമാരും എം.പി.മാരും പങ്കെടുക്കുന്ന പരിപാടിയില്‍ സ്ഥലം എം.എല്‍.എ.യെ വിളിക്കാറില്ലെന്നും മുതുവറയിലെ തകര്‍ന്ന റോഡിന്റെ പേരില്‍മാത്രം ചിലര്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


തൃശൂര്‍: ജില്ലയിലെ പ്രധാന സംസ്ഥാന പാതകള്‍  പുനര്‍നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അനില്‍ അക്കര എം.എല്‍.എ  തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഒരു റോഡു പോലും റീ ടാറിംഗ് നടത്തിയിട്ടില്ല. തൃശൂര്‍ - കുറ്റിപ്പുറം, തൃശൂര്‍ - കാഞ്ഞാണി, തൃശൂര്‍ ഷൊര്‍ണൂര്‍ റോഡുകള്‍ അറ്റകുറ്റപ്പണികളല്ല, റീ ടാറിംഗാണ് നടത്തേണ്ടത്. ഇതിനായി സര്‍ക്കാര്‍ തുക വകയിരുത്തണം. ജില്ലയിലെ മൂന്ന് മന്ത്രിമാര്‍ തകര്‍ന്ന മുഴുവന്‍ പി.ഡബ്ല്യൂ.ഡി. റോഡുകളും പുനര്‍ നിര്‍മ്മിക്കുന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു. മന്ത്രിമാരും എം.പി.മാരും പങ്കെടുക്കുന്ന പരിപാടിയില്‍ സ്ഥലം എം.എല്‍.എ.യെ വിളിക്കാറില്ലെന്നും മുതുവറയിലെ തകര്‍ന്ന റോഡിന്റെ പേരില്‍മാത്രം ചിലര്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മണ്ഡലത്തിലെ പുതിയ ജോലികള്‍ ചെയ്യാന്‍ ഒന്നരക്കോടി മാത്രമാണ് ലഭിക്കുന്നത്. അത് ഉപയോഗിച്ച് അറ്റകുറ്റപ്പണി നടത്താന്‍ സാധിക്കില്ല. പുഴയ്ക്കലിലെ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വിളിച്ച യോഗത്തില്‍ നിന്ന് മൂന്ന് എം.എല്‍.എ.മാരും വിട്ടു നില്‍ക്കുകയാണ് ചെയ്തത്. എന്നിട്ട് ഒരു എം.എല്‍.എ.യെ മാത്രം പഴി ചാരുന്നത് ശരിയല്ല. അടിയന്തിരമായി രണ്ട് കോടി രൂപ അനുവദിക്കാതെ മുതുവറ റോഡില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് എം.എല്‍.എ. പറഞ്ഞു. നേരത്തെ നിയമസഭയില്‍ ആവശ്യപ്പെട്ടതനുസരിച്ച് അനുദിച്ച തുകയ്ക്ക് പുറമേ ബാക്കി വരുന്ന തുക കൂടി അനുവദിച്ചില്ലെങ്കില്‍ സമരം ഉള്‍പ്പെടെയുള്ള മറ്റ് മാര്‍ഗങ്ങള്‍ തേടുമെന്നും അനില്‍ അക്കര പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ഒ.ചുമ്മാറും പങ്കെടുത്തു

Post A Comment: