തൃപ്രയാറില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായെത്തിയ വാന്‍ നിയന്ത്രണം വിട്ട് പാടത്തേക്ക് ചെരിഞ്ഞുതൃപ്രയാര്‍: തൃപ്രയാറില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായെത്തിയ വാന്‍ നിയന്ത്രണം വിട്ട് പാടത്തേക്ക് ചെരിഞ്ഞു. തലനാരിഴയ്ക്ക് ഒഴിവായത് വന്‍ദുരന്തം. ഇന്ന് രാവിലെ എഴേമുക്കാലോടെ നാട്ടിക സി.യു. കൃഷ്ണന്‍കുട്ടി റോഡിലാണ് സംഭവം. മുപ്പതോളം വിദ്യാര്‍ത്ഥികളുമായി തൃപ്രയാര്‍ ലെമര്‍ പബ്ലിക് സ്‌കൂളിലേക്ക് പോയ വാനാണ് അപകടത്തില്‍പ്പെട്ടത്. നാട്ടിക ബീച്ച് റോഡില്‍ നിന്ന് തൃപ്രയാര്‍ ബീച്ച് റോഡിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പായിരുന്നു അപകടം. നിയന്ത്രണംവിട്ട വാന്‍ ഇടതുഭാഗത്തെ പാടത്തേക്ക് ചെരിയുകയായിരുന്നു. സ്‌കൂളിന് വേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ സര്‍വ്വീസ് നടത്തുന്ന വാനാണ് അപകടത്തില്‍പ്പെട്ടത്. വാന്‍ ചെരിഞ്ഞയുടന്‍ മുഴുവന്‍ കുട്ടികളും നിലവിളിച്ചു. നിലവിളികേട്ട് ഓടികൂടിയ നാട്ടുകാരും, വാന്‍ ഡ്രൈവറും ചേര്‍ന്ന് ഡ്രൈവറുടെ വാതില്‍ വഴി കുട്ടികളെ പുറത്തിറക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ തങ്ങളുടെ വാഹനങ്ങളില്‍ കുട്ടികളെ സുരക്ഷിതമായി സ്‌കൂളില്‍ എത്തിക്കുകയും ചെയ്തു. റോഡിന്‍റെ വീതികുറവ് മുന്‍പും അപകടങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. രണ്ട് സ്‌കൂള്‍ വാനുകള്‍ സമാനമായ രീതിയില്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. റോഡിന്‍റെ അപകടാവസ്ഥ ഒഴിവാക്കാന്‍ നാട്ടിക ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Post A Comment: