വ്യാജരേഖ സമര്‍പ്പിച്ച് അവധി ആനുകൂല്യം നേടിയെന്ന കേസില്‍ മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ഹൈക്കോടതി ഒരു മാസത്തേക്ക് കൂടി നീട്ടി


കൊച്ചി: വ്യാജരേഖ സമര്‍പ്പിച്ച് അവധി ആനുകൂല്യം നേടിയെന്ന കേസില്‍ മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ഹൈക്കോടതി ഒരു മാസത്തേക്ക് കൂടി നീട്ടി. തിരുവനന്തപുരം മ്യൂസിയം പോലിസ് റജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ രണ്ടാഴ്ച സമയം നല്‍കണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചു. അവധിയിലായിരുന്ന എട്ടുമാസത്തെ കാലയളവിലെ ശമ്പളം ലഭിക്കാന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റകളടക്കം വ്യാജമായി നിര്‍മ്മിച്ചെന്നാണ് സെന്‍കുമാറിനെതിരായ കേസ്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് എടുത്ത് അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ ഡിജിപിക്ക് നിര്‍ദേശം നല്‍കിയിരുന്നു. കോര്‍പറേഷനിലെ മുന്‍ കൗണ്‍സിലര്‍ എ ജെ സുക്കാര്‍നോ നല്‍കിയ പരാതിയിലായിരുന്നു നടപടി. തന്നോടുള്ള വിദ്വേഷത്തിന്റെ ഭാഗമായാണ് ഈ കേസെന്ന് സെന്‍കുമാര്‍ ഹര്‍ജിയില്‍ പറയുന്നു. പരാതി ലഭിച്ച വിജിലന്‍സ് പ്രാഥമികാന്വേഷണം നടത്തിയെങ്കിലും കേസെടുക്കാനാവശ്യമായ സാഹചര്യമില്ലെന്നാണ് വിലയിരുത്തിയത്. നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ച് ചീഫ് സെക്രട്ടറി ഡിജിപിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. തനിക്കെതിരെ ഒരു ക്രിമിനല്‍ കേസുണ്ടാക്കി വെക്കലാണ് ലക്ഷ്യം. ഡിജിപി കേസില്‍ സുപ്രിംകോടതി വരെ കേസ് നടത്തിയാണ് വിജയിച്ചത്. ഇതാണ് ശത്രുതക്ക് കാരണം. താന്‍ ഉള്‍പ്പെട്ട കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലെ അംഗത്വ പട്ടിക ഹൈക്കോടതി ചീഫ്ജസ്റ്റീസ് അടക്കം ഉള്‍പ്പെട്ട സമിതി പരിഗണനക്കായി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുകയാണ്. ഭാവിയിലെ ഈ നിയമനം റദ്ദാക്കാനാണ് ശ്രമം നടക്കുന്നത്. ട്രിബ്യൂണല്‍ അംഗമായി നിയമിക്കുന്നതിന് എതിരെ ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ശ്രമം നടത്തുകയാണെന്നും ഹര്‍ജി പറയുന്നു.


Post A Comment: