ബ്രക്‌സിറ്റ് നിയമനിര്‍മ്മാണം കൂടുതല്‍ കാര്യക്ഷമമായി നടത്തുന്നതിന് മന്ത്രിമാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ബില്‍ 290 വോട്ടുകള്‍ക്കെതിരെ 326 വോട്ടുകള്‍ നേടിയാണ് പാസായത്.


ലണ്ടന്‍ : പ്രധാനമന്ത്രി തെരേസ മേക്കു ആശ്വാസം നല്‍കി യൂറോപ്യന്‍ യൂണിയന്‍ പിന്‍മാറ്റ ബില്‍ കോമണ്‍സില്‍ പാസായി ആദ്യ കടമ്പ പിന്നിട്ടു. ബ്രക്‌സിറ്റ് നിയമനിര്‍മ്മാണം കൂടുതല്‍ കാര്യക്ഷമമായി നടത്തുന്നതിന് മന്ത്രിമാര്‍ക്ക് കൂടുതല്അധികാരം നല്‍കുന്ന ബില്‍ 290 വോട്ടുകള്‍ക്കെതിരെ 326 വോട്ടുകള്‍ നേടിയാണ് പാസായത്. 36 വോട്ടിന്റെ ഭൂരിപക്ഷം. സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ബില്ലിന് അംഗീകാരം കിട്ടുമോയെന്ന സംശയം തെരേസാ മേക്കും കൂട്ടര്‍ക്കും ഉണ്ടായിരുന്നു. ചരിതപരമായ തീരുമാനം എന്നാണ് പ്രധാനമന്ത്രി തെരേസാ മേ വിജയത്തെ വിശേഷിപ്പിച്ചത്. ബ്രിട്ടീഷ് ജനതയുടെ അഭിലാഷങ്ങളെ പിന്തുണയ്ക്കാനുള്ള ചരിത്രപരമായ തീരുമാനമാണ് പാര്‍ലമെന്റ് സ്വീകരിച്ചതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. യൂറോപ്യന്‍ യൂണിയനില്‍ നിന്നും പിന്‍വാങ്ങുന്നതിന് മുന്നോടിയായി കൃത്യതയും, വ്യക്തതയും വരുത്താന്‍ ബില്‍ സഹായിക്കും. കാര്യങ്ങള്‍ ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ടെങ്കിലും ചര്‍ച്ചകളില്‍ സജീവമാകാന്‍ തീരുമാനം സുപ്രധാനമാണ്. യുകെയിലെ എല്ലാ ഭാഗങ്ങളിലും നിന്നുമുള്ള എംപിമാര്‍ തുടര്‍ന്നും നിമയനിര്‍മ്മാണത്തെ സഹായിക്കുമെന്നാണ് പ്രതീക്ഷ-പ്രധാനമന്ത്രി വ്യക്തമാക്കി. പാര്‍ട്ടി എംപിമാര്‍ക്ക് വിപ്പ് നല്‍കിയിട്ടും 7 ലേബര്‍ എംപിമാര്‍ ബില്ലിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത് പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിന് തിരിച്ചടിയായി. ബ്രക്‌സിറ്റിനെ പിന്തുണയ്ക്കുകയോ, അവരുടെ മണ്ഡലങ്ങള്‍ യൂറോപ്പിനെ ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയോ ചെയ്ത ലേബര്‍ എംപിമാരാണ് കോര്‍ബിന്റെ വിപ്പ് ലംഘിച്ചത്. വോട്ടെടുപ്പ് ഫലം നിരാശാജനകമാണെന്നു ഷാഡോ ബ്രെക്‌സിറ്റ് സെക്രട്ടറി കെയര്‍ സര്‍മാര്‍ അഭിപ്രായപ്പെട്ടു. ബില്ലില്‍ സമൂലമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഇനിയും യത്‌നിക്കുമെന്നുമാണ് ലേബര്‍ പാര്‍ട്ടിയുടെ നിലപാട്. ഇയു പിന്‍മാറ്റ ബില്‍ ആദ്യ കടമ്പ കടന്നുകിട്ടിയത് ആശ്വാസം നല്‍കുന്നത് പ്രധാനമന്ത്രി തെരേസ മേയ്ക്കാണ്. സ്വന്തം പാര്‍ട്ടിയില്‍ നിന്ന് പോലും എതിര്‍പ്പ് നേരിടുന്ന പ്രധാനമന്ത്രിക്ക് വിജയം കരുത്തു പകരും.


Post A Comment: