മലയാളം പഠിച്ചെന്നും കേട്ടെഴുത്തിടാന്‍ സ്കൂളില്‍ വരുമോ എന്നും മന്ത്രി തോമസ് ഐസക്കിനോട് ആവശ്യപ്പെട്ടു കൊണ്ടുള്ള എട്ടാം ക്ലാസ്സുകാരന്റെ കത്ത് വൈറലാകുന്നു.



തിരുവനന്തപുരം: മലയാളം പഠിച്ചെന്നും കേട്ടെഴുത്തിടാന്‍ സ്കൂളില്‍ വരുമോ എന്നും മന്ത്രി തോമസ് ഐസക്കിനോട് ആവശ്യപ്പെട്ടു കൊണ്ടുള്ള എട്ടാം ക്ലാസ്സുകാരന്റെ കത്ത് വൈറലാകുന്നു. തോമസ് ഐസക്ക് തന്നെയാണ് തനിക്ക് ലഭിച്ച കത്ത് തന്റെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ചത്. പോസ്റ്റിട്ട് നാല് മണിക്കൂറിനകം 1500ലേറെ പേരാണ് ഇത് ഷെയര്‍ ചെയ്തത്. 11000 പേര്‍ ഇതിനോടകം പോസ്റ്റില്‍ പ്രതികരണങ്ങളും രേഖപ്പെടുത്തി. ശ്രീചിത്തിര മഹാരാജ വിലാസം ഗവ യുപി സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ഥിയാണ് കത്തെഴുതിയ ശ്രീഹരി. ഈ വര്‍ഷമാണ് താന്‍ അണ്‍ എയ്ഡഡ് സ്കൂളില്‍ നിന്നും സര്‍ക്കാര്‍ സ്കൂളിലേക്ക് വരുന്നതെന്നും കെട്ടിടോദ്ഘാടന സമയത്ത് മന്ത്രി പറഞ്ഞതനുസരിച്ചാണ് താന്‍ മലയാളം വായിക്കാനും എഴുതാനും പഠിച്ചതെന്നും കുട്ടി കത്തില്‍ പറയുന്നുണ്ട്. 'മലയാളം പഠിച്ച ഞങ്ങള്‍ കുട്ടികള്‍ക്ക് കേട്ടെഴുത്തിടാന്‍ സര്‍ എന്നു വരും' എന്ന് ചോദിച്ചു കൊണ്ടാണ് കത്ത് അവസാനിക്കുന്നത്. തന്റെ മറുപടി പോസ്റ്റിനൊപ്പമാണ് തോമസ് ഐസക്ക് ഈ കത്തിന്റെ കോപ്പി ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്. കയര്‍ കേരളയുടെ തിരക്കുകള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത ദിവസം തന്നെ സ്കൂളില്‍ എത്തുമെന്ന് തോമസ് ഐസക്ക് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിക്കുകയും ചെയ്തു. :-

പോസ്റ്റിന്‍റെ പൂര്‍ണരൂപം 
പ്രിയപ്പെട്ട ശ്രീഹരി ,
മോന്റെ കത്ത് ഇന്നലെ കയ്യില്‍ കിട്ടി . വളരെ സന്തോഷം തോന്നി.
മോനെപ്പോലെ ഒത്തിരി കുട്ടികള്‍ ഉണ്ടായിരുന്നല്ലോ അവിടെ . അവര്‍ എല്ലാവരും തന്നെ മലയാളം എഴുതാനും വായിക്കുവാനും പഠിച്ചു കാണുമല്ലോ ?
 
കയര്‍ കേരളയുടെ തിരക്കുകള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത ദിവസം തന്നെ ഞാന്‍ സ്കൂളില്‍ എത്തുന്നുണ്ട്, നിങ്ങളെ എല്ലാവരെയും കാണുവാന്‍ .
സ്നേഹത്തോടെ ,

തോമസ് ഐസക്

Post A Comment: