പുഴയ്ക്കലില്‍ നിയന്ത്രണം വിട്ട കാര്‍ പാടത്തേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു.


തൃശൂര്‍: പുഴയ്ക്കലില്‍ നിയന്ത്രണം വിട്ട കാര്‍ പാടത്തേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. ചങ്ങരംകുളം സ്വദേശി നിസാറാണ് മരിച്ചത്. കാര്‍ ഡ്രൈവര്‍ ഷിഹാബ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ 2 മണിയോടെയായിരുന്നു അപകടം. എറണാകുളത്തു നിന്ന് ചങ്ങരംകുളത്തേക്ക് പോയിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. വലിയ ശബ്ദവും നിലവിളിയും കേട്ട് ഓടിയെത്തിയ സമീപത്തെ എ.ടി.എം കൗണ്ടറിലെ സെക്യൂരിറ്റിക്കാരനാണ് അപകടം ആദ്യം അറിഞ്ഞത്. ഓടിയെത്തുമ്പോള്‍ കാര്‍ വെള്ളത്തില്‍ താഴ്ന്നു കിടക്കുകയായിരുന്നെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ പെരുവല്ലൂര്‍ സ്വദേശി രാഹുല്‍ പറഞ്ഞു. പോലീസിനെ വിവരമറിയിച്ചു കാത്തുനില്‍ക്കുന്നതിനിടയില്‍ ഇടതു ഭാഗത്തുള്ള കടവില്‍ നിന്ന് ആള്‍ കൂവി വിളിക്കുന്ന ശബ്ദം കേള്‍ക്കുകയും ആ സമയം ഇതു വഴി വന്ന ഹൈവേ പോലീസിന്റെ സഹായത്തോടെ തിരച്ചില്‍ നടത്തി ശിഹാബിനെ രക്ഷപ്പെടുത്തുകയുമായിരുന്നു. സീറ്റ്‌ബെല്‍റ്റ് ഇട്ടിരുന്നതിനാല്‍ നിസാറിന് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. തൃശൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് കാറിനുള്ളില്‍ നിന്ന് നിസാറിന്റെ മൃതദേഹം പുറത്തെടുത്തത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്ന് സംശയിക്കുന്നു. എന്നാല്‍ എതിരെ വന്ന വാഹനത്തിന്റെ വെളിച്ചം മൂലമാണ് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞതെന്നാണ് ഡ്രൈവര്‍ പോലീസിന് മൊഴി നല്‍കിയതെന്നാണ് വിവരം.Post A Comment: