പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച


ദില്ലി: യെമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോകുകയും 558 ദിവസങ്ങള്‍ക്കൊടുവില്‍ മോചിതനാകുകയും ചെയ്ത് ഫാ.ടോം ഉഴുന്നാലില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. റോമില്‍ നിന്നും എയര്‍ഇന്ത്യ വിമാനത്തില്‍ വ്യാഴാഴ്ച രാവിലെയാണ് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഫാ.ടോം എത്തിയത്. കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, ഫരീദാബാദ് ആര്‍ച്ച്‌ ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, എംപിമാരായ ജോസ്.കെ.മാണി, ആന്റോ ആന്റണി സലേഷ്യന്‍ സഭയുടെ ബംഗളൂരു- ഡല്‍ഹി പ്രൊവിഷ്യല്‍മാരും പ്രധാനമന്ത്രിയെ കാണാന്‍ ഫാ. ടോമിന് ഒപ്പം ഉണ്ടായിരുന്നു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായും ഫാ.ടോം കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്‌ ബിഷപ്പ് ജാംബതിസ്ത ദിക്വാത്രോയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സിബിസിഐ സെന്ററില്‍ 4.30 തോടെ പത്രസമ്മേളനവും ഉണ്ടാകും. തുടര്‍ന്ന് 6.30 ന് സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ ദിവ്യബലിയ്ക്കു ശേഷം രാത്രിയോടെ ഓഖ്ല ഡോണ്‍ ബോസ്കോ ഭവനിലേയ്ക്ക് മടങ്ങും.


Post A Comment: