കോര്‍പ്പറേഷന്‍ പരിധിയില്‍ ഏകദേശം 13 ടണ്‍ മാലിന്യമാണ് വിവിധ ഡിവിഷനുകളില്‍ കുമിഞ്ഞു കൂടികിടക്കുന്നതെന്നാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ നല്‍കിയ കണക്ക്.തൃശൂര്‍: നഗരത്തില്‍ കുമിഞ്ഞ് കൂടിയത് 13 ടണ്‍ മാലിന്യം, പത്ത് ദിവസത്തിനകം നീക്കം ചെയ്യാന്‍ ധാരണ. മാലിന്യ പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് - ബി.ജെ.പി അംഗങ്ങള്‍ കഴിഞ്ഞ ദിവസം കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയതിനെ തുടര്‍ന്നാണ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ ആരോഗ്യ വിഭാഗം സ്റ്റാന്റിങ്ങ് കമ്മിറ്റി അംഗങ്ങളുടെയും, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെയും യോഗം മേയര്‍ വിളിച്ചു ചേര്‍ത്തത്. ഓണത്തിന് ശേഷം കോര്‍പ്പറേഷന്‍ പരിധിയില്‍ ഏകദേശം 13 ടണ്‍ മാലിന്യമാണ് വിവിധ ഡിവിഷനുകളില്‍ കുമിഞ്ഞു കൂടികിടക്കുന്നതെന്നാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ നല്‍കിയ കണക്ക്. പൂങ്കുന്നം, കൊക്കാല, അയ്യന്തോള്‍, ചെമ്പുക്കാവ്, മുണ്ടുപാലം, കൂര്‍ക്കഞ്ചേരി എന്നിവിടങ്ങളിലാണ് നഗരത്തില്‍ ഏറ്റവും കൂടുതല്‍ മാലിന്യം കുമിഞ്ഞു കൂടി കിടക്കുന്നത്. നിലവില്‍ കുമിഞ്ഞു കൂടി കിടക്കുന്ന മാലിന്യങ്ങള്‍ ജൈവ - അജൈവ മാലിന്യങ്ങളാക്കി തിരിച്ച് കുഴിച്ച് മൂടുകയോ, പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ പ്ലാന്റിലേക്ക് കൊണ്ടുപോകുകയോ ചെയ്യാനാണ് ധാരണ. നഗരത്തിലെ മാലിന്യ സംസ്‌കരണവും തുടര്‍ നടപടികളും വിലയിരുത്തുന്നതിനായി പത്ത് ദിവസം കൂടുമ്പോള്‍ ആരോഗ്യ വിഭാഗം സ്റ്റാന്റിംഗ് കമ്മിറ്റി യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ വിലയിരുത്താന്‍ ധാരണയായി. യോഗം സമയബന്ധിതമായി നടക്കുന്നത് നിരീക്ഷിച്ച് നടപടികള്‍ വിലയിരുത്താനും മാലിന്യങ്ങള്‍ മറ്റു ഡിവിഷനുകളില്‍ കൊണ്ടിടുന്നത് തടയാന്‍ ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ക്ക്  നിര്‍ദ്ദേശം നല്‍കി. മാലിന്യപ്രശ്‌നം ഉണ്ടാക്കുന്ന നഗരത്തിലെ തട്ടുകടകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനിച്ചു. 51 മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും തീരുമാനമായി. അതേസമയം സ്വന്തം ഡിവിഷനുകളിലെ മാലിന്യങ്ങള്‍ മറ്റു ഡിവിഷനുകളില്‍ കൊണ്ടിടാന്‍ കൂട്ട് നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മേയര്‍ അജിത ജയരാജന്‍ പറഞ്ഞു.


Post A Comment: