സ്വന്തമായി തീരുമാനം എടുക്കാനുള്ള അവകാശം ഹാദിയയ്ക്ക് ഉണ്ടെന്ന് സുപ്രീംകോടതിദില്ലി: സ്വന്തമായി തീരുമാനം എടുക്കാനുള്ള അവകാശം ഹാദിയയ്ക്ക് ഉണ്ടെന്ന് സുപ്രീംകോടതി. ഹാദിയ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ നടപടി ആവിശ്യപ്പെട്ട് നല്‍കിയ പുതിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇങ്ങനെ നിരീക്ഷിച്ചത്. കേസ് പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അച്ഛന് മാത്രമാണ് പൂര്‍ണ സംരക്ഷണ ചുമതല എന്ന് പറയാന്‍ കഴിയില്ല, 24 വയസുള്ള ഹാദിയക്കും തീരുമാനം എടുക്കാനുള്ള അവകാശമുണ്ട് കോടതി പറഞ്ഞു. കേസില്‍ എന്‍ ഐ എ അന്വേഷണം ആവശ്യമുണ്ടോ എന്ന് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. അതേസമയം, വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരം ഉണ്ടോയെന്ന് പരിശോധിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഇതിനിടെ, ഹാദിയ കേസില്‍ സംസ്ഥാന വനിത കമ്മീഷന്‍ കക്ഷി ചേര്‍ന്നു. ഹാദിയ കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഷെഫിന്‍ ജഹാനു വേണ്ടി അഭിഭാഷകനായ ദുഷ്യന്ത് ദവെയാണ് ഹാജരായത്.

Post A Comment: