വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയത് മികച്ച വിജയമെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയത് മികച്ച വിജയമെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. കേരളത്തിലെ ഉപതെരഞ്ഞെടുപ്പിന്‍റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഭൂരിപക്ഷത്തോടെയാണ് കെഎന്‍എ ഖാദര്‍ വിജയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. ഓരോ തെരഞ്ഞെടുപ്പിന്‍റെ സാഹചര്യങ്ങളും വ്യത്യസ്തമാണെന്നും അതിനാല്‍ ലീഡ് കുറഞ്ഞതില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തില്‍ ഒരു ഉപതെരഞ്ഞെടുപ്പിലും ഇത്രയും ഭൂരിപക്ഷം ആര്‍ക്കും കിട്ടിയിട്ടില്ല. വേങ്ങരയില്‍ ലീഗിനെ തകര്‍ക്കാന്‍ സോളാര്‍ എന്ന അവസാന ബോംബും എല്‍ഡിഎഫ് പ്രയോഗിച്ചു. എന്നിട്ടും നിലംതൊട്ടില്ല. ഇതിലും മികച്ച മറുപടി എല്‍ഡിഎഫിന് കൊടുക്കാനില്ല. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പണവും അധികാരവും ഉള്‍പ്പെടെ എല്ലാ സന്നാഹങ്ങളും എല്‍ഡിഎഫ് വേങ്ങരയില്‍ പ്രയോഗിച്ചു. മന്ത്രിസഭ മൊത്തത്തില്‍ പ്രചാരണത്തിനെത്തി. അവിടെയാണ് 23,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. ഇവിടെ യുഡിഎഫിനെയും ലീഗിനെയും തോല്‍പ്പിക്കാന്‍ എല്‍ഡിഎഫിന് സാധിക്കില്ല. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Post A Comment: