പ്രണയ നൈരാശ്യത്തില്‍ മനംനൊന്ത് യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കി. മൊബൈല്‍ ടവറിന് മുകളില്‍ കയറിയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത്. എഴുപതടി ഉയരമുള്ള ഫോര്‍ഷോര്‍ എസ്റ്റേറ്റിലെ മൊബൈല്‍ ടവറിന് മുകളിലായിരുന്നു യുവാവ് കയറിയത്. ചെന്നൈയിലെ സെയ്ദാപേട്ട് സ്വദേശിയായ റോക്കി രാജയാണ് ആത്മഹത്യ ചെയ്യാന്‍ മുതിര്‍ന്നത്. പൊലീസും ഫയര്‍ ഫോഴ്‌സും എത്തി മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇയാളെ മനസ് മാറ്റി താഴെയിറക്കിയത്.
ഇയാള്‍ ടവറിന് മുകളില്‍ കയറിയത് ആം വെരി സോറി ബേബി, ഐ മിസ് യുഎന്നീ വാചകങ്ങള്‍ എഴുതിയ വലിയ ബാനറുമായാണ്. ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഇയാളെ മനസുമാറ്റാനായി ടവറിന് മുകളിലേക്ക് കയറിയപ്പോള്‍ ചുറ്റിനും വല കെട്ടി പൊലീസ് സുരക്ഷാ മുന്‍ കരുതല്‍ എടുത്തു. പ്രണയം തകര്‍ന്നതില്‍ മനംനൊന്ത് ടവറിന് മുകളില്‍ കയറിയ യുവാവ് പൊലീസ് എത്തിയപ്പോഴേക്ക് കൂടുതല്‍ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങി.
ജയലളിതയുടെ മരണത്തില്‍ അന്വേഷണം നടത്തണം, നീറ്റ് പരീക്ഷാ വിവാദം അന്വേഷിക്കണം തുടങ്ങിയവയായിരുന്നു ഇയാളുടെ മറ്റ് ആവശ്യങ്ങള്‍. കൂടാതെ കയ്യില്‍ കരുതിയിരുന്ന കത്തി കൊണ്ട് ഇയാള്‍ക്ക് കഴുത്തില്‍ ചെറുതായി പരുക്കേറ്റിരുന്നു. രാവിലെ ഏഴ് മണിക്ക് ടവറില്‍ കയറിയ ഇയാള്‍ നാല് മണിക്കൂര്‍ പൊലീസിനെയും കാഴ്ചക്കാരെയും മുള്‍മുനയില്‍ നിര്‍ത്തിയ ശേഷമാണ് താഴെ ഇറങ്ങിയത്.

Post A Comment: